ഫാമിലി മെഡിസിൻ എംബിബിഎസ് കരിക്കുലത്തിന്റെ അവിഭാജ്യ ഘടകമാക്കണം; എഎഫ്പിഐ കേരള ഘടകം
ഫാമിലി മെഡിസിൻ എംബിബിഎസ് പഠന കരിക്കുലത്തിന്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാൻ ശ്രമിക്കണമെന്ന് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻ ഓഫ് ഇന്ത്യ കേരള ഘടകം. അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ എട്ടാമത് സ്റ്റേറ്റ് കോൺഫറൻസ് (APICON 2024) ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എംപിക്ക് മുന്നിലാണ് സംഘടന ഇക്കാര്യം ആവതരിപ്പിച്ചത്.
കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ കുടുംബ ഡോക്ടർ സംവിധാനത്തിന്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിടുകയും ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്തു. ശനി ഞായര്‍ ദിവസങ്ങളിലായി കൊച്ചിയിലെ ട്രിബ്യൂട്ട് റോയൽ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ എ എഫ് പി ഐ കേരള ഘടകം പ്രസിഡന്റ് ഡോക്ടർ ഇന്ദു രാജീവ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എ എഫ് പി ഐ ദേശീയ പ്രസിഡന്റ് ഡോ. രമൺ കുമാർ, എ എഫ് പി ഐ ദേശീയ സെക്രട്ടറി ഡോ. വന്ദന ബുബ്‌ന, ദേശീയ ട്രഷറേർ ഡോ. രശ്മി കൈമൾ, സംസ്ഥാന സെക്രട്ടറി ഡോ. കൈലാസ്, കോൺഫറൻസ് ചെയർ പേഴ്‌സൺ ഡോ. അനൂപ് കെ ജെ, കോൺഫറൻസ് സെക്രട്ടറി ഡോ. പ്രശാന്ത് എസ്, കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. സുനിൽ പികെ എന്നിവർ സംസാരിച്ചു.