വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; കുറുവദ്വീപ് ജീവനക്കാരന്‍ മരിച്ചു; ജില്ലയില്‍ നാളെ ഹര്‍ത്താല്‍
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മാനന്തവാടി പുല്‍പ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാള്‍ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടവരേയാണ് പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) മരണത്തിന് കീഴടങ്ങിയത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. പോളിന്റെ വാരിയെല്ലുള്‍പ്പെടെ തകര്‍ന്നിരുന്നു.
നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, മൂന്നു മണിയോടെ പോളിന്റെ മരണം സംഭവിച്ചു.
കാട്ടാന ആക്രമണത്തില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മരണമാണ് വയനാട്ടില്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് അജീഷ് എന്നയാളെ വീട്ടില്‍ കയറി കാട്ടാന ചവിട്ടിക്കൊന്നത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ നാളെ യുഡിഎഫും സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.