അഗ്നിപഥ്‌ പ്രവേശന റാലിയില്‍
മികച്ച യുവജന പങ്കാളിത്തം

അഗ്നിപഥ്‌ പ്രവേശന റാലിയില്‍ മികച്ച യുവജന പങ്കാളിത്തം

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്ന് രജിസ്റ്റർ ചെയ്ത 1931 ഉദ്യോഗാർത്ഥികളിൽ 1119 പേരും പങ്കെടുത്തു
Updated on
1 min read

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച അഗ്നിപഥ്‌ പ്രവേശന റാലികളില്‍ മികച്ച യുവജന പങ്കാളിത്തം. കൊല്ലം ജില്ലയിൽ നടക്കുന്ന റാലിയുടെ രണ്ടാം ദിവസം, രജിസ്റ്റർ ചെയ്ത 1931 ഉദ്യോഗാർത്ഥികളിൽ 1119 പേരും പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ജില്ലയിൽ രണ്ട് ദിവസമായുള്ള തോരാത്ത മഴയിലും ഒട്ടും ആവേശം ചോരാതെയാണ് ഉദ്യോഗാർത്ഥികൾ റാലിയില്‍ എത്തുന്നത്.

കൊല്ലം ജില്ലയിലെ നവംബർ 19 , 20 തീയതികളിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാന്‍ 3167 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 21, 22 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർത്ഥികളും 23, 24 തീയതികളിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളും റാലിയിൽ പങ്കെടുക്കും. 23, 24 തീയതികളിൽ അഗ്നിവീർ ട്രേഡ്സ്മെൻ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. അഗ്നിപഥ് റാലിയുടെ ഫിസിക്കൽ മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ നവംബർ 24 ന് സമാപിക്കും.

ശാരീരികക്ഷമതാ പരിശോധനയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് സായുധസേനയിലെ ആരോഗ്യവിദഗ്‌ധർ നടത്തുന്ന പ്രധാന ശാരീരികക്ഷമതാ പരിശോധനയ്ക്ക് ശേഷം ജനുവരി 15നാണ് പൊതുപരീക്ഷ

റാലിയിൽ ഉദ്യോഗാർത്ഥികളുടെ ഉയരമാണ് ആദ്യം പരിശോധിക്കുന്നത്. നിർദിഷ്ട ഉയരമുള്ളവരെ മാത്രമേ റാലിയിൽ തുടരുവാൻ അനുവദിക്കുകയുള്ളു. അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഹാജർനില, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ വേദിക്കുള്ളിൽ എത്തുന്നതിനു മുൻപ് തന്നെ ഉറപ്പാക്കും. ശാരീരികക്ഷമതാ പരിശോധനകൾക്കായി 200 പേർ വീതമുള്ള ബാച്ചുകളിലായാണ് മത്സരാർത്ഥികളെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നത്.

ശാരീരികക്ഷമതാ പരിശോധനയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രീ-മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇവ രണ്ടിലും യോഗ്യത നേടുന്നവർ, സായുധസേനയിലെ ആരോഗ്യവിദഗ്‌ധർ നടത്തുന്ന പ്രധാന ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയമാകണം. ഈ ഘട്ടങ്ങളിൽ വിജയിക്കുന്നവർക്ക് 2023 ജനുവരി 15ന് പൊതുപരീക്ഷയുണ്ടാകും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവരെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.

logo
The Fourth
www.thefourthnews.in