പി പ്രസാദ്
പി പ്രസാദ്

'ഒരു കർഷകനും ആത്മഹത്യ ചെയ്യേണ്ട സ്ഥിതി കേരളത്തിലില്ല': പി പ്രസാദ്

കാർഷിക വായ്പ എടുത്തിട്ടുള്ള കർഷകരെല്ലാം കടക്കെണിയിൽ ആണെന്നുള്ള ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി
Updated on
2 min read

ഒരു കർഷകനും ആത്മഹത്യ ചെയ്യേണ്ട സ്ഥിതി സംസ്ഥാനത്തില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കർഷകരെ പരമാവധി സഹായിക്കുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളത്. കാർഷിക വായ്പ എടുത്തിട്ടുള്ള കർഷകരെല്ലാം കടക്കെണിയിൽ ആണെന്നുള്ള ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണ്. വായ്പ എടുത്തിട്ടുള്ളവരെ പരമാവധി സഹായിക്കുകയും തിരിച്ചടവിനും മറ്റു സഹായങ്ങൾക്കും എപ്പോഴും കൈത്താങ്ങായി നിൽക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ വിശദീകരണം.

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ 2022-23 വർഷത്തെ ആദ്യപാദ കണക്കെടുപ്പ് പ്രകാരം കാർഷിക മേഖലയിലെ നിഷ്ക്രിയാസക്തി 4.2 ശതമാനം മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് കൃത്യമായ വായ്പ തിരിച്ചടവിനെയാണ്. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വന്യജീവി ആക്രമണത്താൽ വിള നാശം ഉണ്ടായാൽ മാനദണ്ഡങ്ങൾക്കും നിശ്ചിത നിരക്കുകൾക്കും അനുസരിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകി വരുന്നുണ്ട്. കൂടാതെ വനം വന്യജീവി വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരത്തിനും കർഷകർക്ക് അർഹതയുണ്ട്. കാർഷിക വായ്പയെടുത്ത കർഷകരുടെ അപേക്ഷകൾ പരിഗണിച്ച് സഹകരണ ബാങ്കുകൾ വായ്പ പുതുക്കി നൽകുകയും നിയമപരമായ ഇളവുകൾ അനുവദിക്കുകയും ചെയ്തു വരുന്നുണ്ട്.

കാർഷിക വായ്പയെടുത്ത കർഷകരുടെ അപേക്ഷകൾ പരിഗണിച്ച് സഹകരണ ബാങ്കുകൾ വായ്പ പുതുക്കി നൽകുകയും നിയമപരമായ ഇളവുകൾ അനുവദിക്കുകയും ചെയ്തു

പി പ്രസാദ്, കൃഷി മന്ത്രി

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അർഹമായ അപേക്ഷകൾക്ക് പലിശയിലും മുതലിലും ഇളവ് നൽകുന്നതിന് സഹകരണ രജിസ്ട്രാർ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, കാർഷിക ഗ്രാമ വികസന ബാങ്കുകൾ, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ എന്നിവ മുഖേനയുള്ള ഹ്രസ്വകാല വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകരുടെ പലിശ പൂർണമായി ഒഴിവാക്കി പലിശരഹിത വായ്പയാക്കുന്നതിന് പ്രത്യേക പദ്ധതി പ്രകാരം ഉത്തേജന പലിശ ഇളവ് സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. സഹകരണ സംഘങ്ങളിലെ വായ്പകൾക്ക് കടാശ്വാസ കമ്മീഷൻ വഴി ഉള്ള സഹായവും കർഷകർക്ക് ലഭിക്കുന്നുണ്ട്.

വയനാട്, ഇടുക്കി ജില്ലയിലെ കർഷകർക്ക് 2020 ഓഗസ്റ്റ്‌ വരെയുള്ള വായ്പകൾക്കും മറ്റ് ജില്ലയിലെ കർഷകർക്ക് 2016 മാർച്ച് വരെയുള്ള വായ്പകൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ കടാശ്വാസ കമ്മീഷൻ മുഖേന ഇളവും നൽകി വരുന്നുണ്ട്. 16 ഇനം പച്ചക്കറി വിളകൾക്ക് 2020 നവംബർ മുതൽ കേരള ഫാം ഫ്രഷ് പച്ചക്കറി അടിസ്ഥാന വില പദ്ധതി പ്രകാരം അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിനം പച്ചക്കറികൾക്ക് കൂടി അടിസ്ഥാന വില പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പച്ചത്തേങ്ങ 32 രൂപക്കും നെല്ല് 28.20 രൂപയ്ക്കും സർക്കാർ നിലവിൽ സംഭരിക്കുന്നുണ്ട്.

16 ഇനം പച്ചക്കറി വിളകൾക്ക് 2020 നവംബർ മുതൽ കേരള ഫാം ഫ്രഷ് പച്ചക്കറി അടിസ്ഥാന വില പദ്ധതി പ്രകാരം അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടുണ്ട്

പി പ്രസാദ്, കൃഷി മന്ത്രി

കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് സംസ്ഥാനത്ത് കാലാവസ്ഥാ അനുരൂപ കാർഷിക മാതൃകകൾക്കാണ് പദ്ധതി ഇട്ടിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യയുടെ കാരണങ്ങൾ കാർഷിക വായ്പയെടുത്തത് നിമിത്തമുള്ള കടക്കെണിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. കർഷകർ കടക്കെണിയിലാകാതിരിക്കാൻ അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണമെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇപ്പോൾ കിട്ടുന്നതിന്റെ 50 ശതമാനമെങ്കിലും വില കൂടുതൽ ലഭിക്കണമെങ്കിൽ കൃഷിയുടെ കാര്യത്തിൽ ഒരു പുതിയ സമീപനം ഉണ്ടായേ മതിയാകൂ. അതിനുവേണ്ടി കൂടിയാണ് വിളയധിഷ്ഠിത ഫാം പ്ലാൻ പദ്ധതി രൂപീകരിച്ച് നടപ്പിലാക്കുവാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിലൂടെയും കർഷകന് മെച്ചപ്പെട്ട വരുമാനം കണ്ടെത്താ കഴിയും. ഇതിനായി മൂല്യ വർദ്ധിത കൃഷി മിഷൻ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു കൃഷിഭവൻ- ഒരു ഉത്പന്നം എന്ന നിലയിലുള്ള പ്രവർത്തനങ്ങളും കൃഷിവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇത്തരം ഇടപെടലുകൾ നടത്തി കർഷകർക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാരും കൃഷി വകുപ്പും ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in