'കോടതി അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക് പണം നല്‍കാവൂ'; എ ഐ ക്യാമറ ഇടപാടില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍
എ ഐ ക്യാമറ ഇടപാടില്‍ കരാര്‍ കമ്പനികള്‍ക്ക് കോടതി അനുമതിയോടെ മാത്രമേ ഇനി പണം നല്‍കാവൂവെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് എന്‍ വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. എ ഐ ക്യാമറ ഇടപാടിലെ അഴിമതി, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാര്‍ ആരോപണങ്ങൾ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എ ഐ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു
പദ്ധതി നടപ്പാക്കാന്‍ കരാര്‍ ലഭിച്ച കെല്‍ട്രോണിന്റെ യോഗ്യത സംബന്ധിച്ച് അന്വേഷിക്കണം, പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതി റദ്ദാക്കണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങൾ. ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എ ഐ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അധികാരത്തിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ഗുണഭോക്താക്കള്‍ ഈ പദ്ധതി നടപ്പാക്കാന്‍ കാരണം
''236 കോടി രൂപ ചെലവിട്ട് ബി.ഒ.ഒ.ടി (ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായി കെല്‍ട്രോണ്‍ തയാറാക്കിയ ഡിപിആര്‍ ധനകാര്യവകുപ്പ് തള്ളിയതാണ്. അധികാരത്തിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ഗുണഭോക്താക്കള്‍ ഈ പദ്ധതി നടപ്പാക്കാന്‍ കാരണം. പദ്ധതിക്കുവേണ്ട സാങ്കേതിക പരിജ്ഞാനം കെല്‍ട്രോണിനില്ല. ഐടി പദ്ധതികളില്‍ കെല്‍ട്രോണിന് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് പദവിയില്ല'' - ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇലക്ട്രോണിക് മൊഡ്യൂളുകള്‍, സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയ്ക്കുള്ള ടെണ്ടറില്‍ എസ്ആര്‍ഐടിയും ഇതിന്റെ പ്രോക്‌സികളായ മൂന്നു കമ്പനികളാണ് പങ്കെടുത്തത്. 151.10 കോടി രൂപയ്ക്കാണ് കെ ഫോണ്‍ പദ്ധതിയില്‍ മാത്രം പരിചിതരായ എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയത്. ഇത് മറ്റൊരു കുംഭകോണമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നു.