എഐ ക്യാമറകള്‍ പണി തുടങ്ങി; ആദ്യ മണിക്കൂറുകളില്‍ പതിഞ്ഞത് 28,891 നിയമലംഘനം

എഐ ക്യാമറകള്‍ പണി തുടങ്ങി; ആദ്യ മണിക്കൂറുകളില്‍ പതിഞ്ഞത് 28,891 നിയമലംഘനം

ബോധവത്ക്കരണ കാലഘട്ടത്തേക്കാൾ നിയമലംഘനങ്ങൾ കുറഞ്ഞത് ശുഭസൂചനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
Updated on
1 min read

എഐ ക്യാമറ പ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്തുവിട്ടു. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം എഐ ക്യാമറ വഴി കണ്ടെത്തിയത് 28,891 നിയമലംഘനം. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത്. 4,778 നിയമലംഘനം കൊല്ലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയത്.

എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിന് മുന്‍പുള്ള ദിവസം 4.5 ലക്ഷവും, ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്നു നിയമലംഘനങ്ങള്‍. ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ക്യാമറ സ്ഥാപിച്ചതിന് ശേഷം ബോധവത്ക്കരണത്തിന് നല്‍കിയ കാലഘട്ടത്തേക്കാൾ നിയമലംഘനങ്ങള്‍ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 4,362, കൊല്ലം 4,778, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശൂര്‍ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, കണ്ണൂര്‍ 2,437, കാസര്‍ഗോഡ് 1,040 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഹെല്‍മെറ്റ് വയ്ക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം തുടങ്ങി ഏഴിനം നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നത്. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എഐ ക്യാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.

പിഴ ഈടാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടെയുള്ള എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്.

logo
The Fourth
www.thefourthnews.in