'പദവികൾ ആഗ്രഹിക്കാം, പക്ഷേ പാർട്ടി നടപടി പാലിക്കണം'; ശശി തരൂരിനെതിരെ താരിഖ് അൻവർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ശശി തരൂർ അടക്കമുള്ള കേരളത്തിലെ എംപിമാരുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രതികരണം ഉചിതമായില്ല. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ മാനദണ്ഡങ്ങൾ ഉണ്ട്. അവ പരിശോധിച്ച് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാൻ താൽപ്പര്യമെന്ന തരൂരിന്റെ പ്രതികരണത്തെയും താരിഖ് അൻവർ വിമർശിച്ചു. ശശി തരൂർ അഭിപ്രായം പറയേണ്ടിയിരുന്നത് ഹൈക്കമാൻഡിനോട് ആയിരുന്നു. ആർക്കും പദവികൾ ആഗ്രഹിക്കാം എന്നാൽ പാർട്ടി നടപടി ക്രമങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാഭവനിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ പ്രതാപൻ എന്നിവരടക്കം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭ വിട്ട് നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. തരൂരും പ്രതാപനുമടക്കം മാധ്യമങ്ങളോട് ഇക്കാര്യം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ് രംഗത്തെത്തിയത്. അതേസമയം, സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റം ഇല്ലെന്നും കെ സുധാകരൻ അധ്യക്ഷനായി സുധാകരൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.