'ആര്‍ഷൊ വ്യാജ സത്യവാങ്മൂലം നൽകി': ജാതി അധിക്ഷേപ കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ്
2021ൽ എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിനായി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് നിമിഷ രാജു. ആര്‍ഷൊ പുതിയ വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിൽ പലരും തന്നെ വ്യക്തിവിരോധത്തിന്റെ പേരിൽ വേട്ടയാടുകയാണെന്നും നിമിഷ പറയുന്നു.
2021 ഒക്ടോബറില്‍ എം ജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ തനിക്ക് അതിക്രമം നേരിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎസ്എഫ് നേതാവ് നിമിഷ രാജു കേസ് നല്‍കിയത്. നിലവില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ പി എം ആര്‍ഷോ യില്‍ നിന്ന് ലൈംഗിക അതിക്രമവും ജാതി അധിക്ഷേപവും നേരിട്ടു, സ്ത്രീവിരുദ്ധ അധിക്ഷേപമുണ്ടായി എന്നാണ് കേസ്.
പിന്നീട് നിമിഷ ആര്‍ഷോയെ മിസ് ഐഡന്റിഫൈ ചെയ്തതാണെന്നും പരാതിയില്ലെന്നുമുള്ള സത്യവാങ്മൂലം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇത് വ്യാജ സത്യവാങ്മൂലമാണെന്ന് നിമിഷ അന്ന് തന്നെ കോടതിയെ ധരിപ്പിച്ചു. ആര്‍ഷോ ഇപ്പോള്‍ മഹാരാജാസ് കോളേജില്‍ നിന്ന് എഴുതാത്ത പരീക്ഷ പാസ്സായ വിവാദത്തില്‍ അകപ്പെട്ടപ്പോള്‍ വീണ്ടും വ്യക്തിവിരോധം തീര്‍ക്കാന്‍ പലരും തന്നെ വേട്ടയാടുകയാണെന്ന് നിമിഷ പറയുന്നു. തനിക്ക് നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ വീണ്ടും കേസ് കൊടുക്കാനിരിക്കുകയാണ് നിമിഷ.
ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചതെന്നും കടുത്ത മനോവിഷമങ്ങളിലൂടെ കടന്നുവന്ന തന്നെ വീണ്ടും നുണപ്രചരണങ്ങളിലേക്കും വിവാദങ്ങളിലേക്കും പിടിച്ചിടുന്നതെന്തിനെന്നും എഐഎസ്എഫ് നേതാവായ നിമിഷ ചോദിക്കുന്നു.