'മാതാവിനോട് പ്രാര്‍ത്ഥിച്ചു, എല്ലാം അനുഗ്രഹം'; മകന്‍ ബിജെപിയിലെത്തിയ കഥ വിവരിച്ച് എലിസബത്ത് ആന്റണി
അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിനെ കുറിച്ച് മതപരിപാടിയിൽ അമ്മ എലിസബത്ത് ആന്റണി. തന്റെ മകന് രാഷ്ട്രീയ പ്രവേശനം ലഭിച്ചത് മാതാവിനോടുള്ള പ്രാർത്ഥനയിലൂടെയെന്ന് എലിസബത്ത് പറഞ്ഞു. കൃപാസനം വേദിയിലായിരുന്നു അനിൽ ആന്റണിയുടെ അമ്മയുടെ വിശദീകരണം. തനിക്കും ഭർത്താവായ എ കെ ആന്റണിക്കും കോവിഡിൽനിന്ന് മുക്തി നേടിയത് പ്രാര്‍ത്ഥനയിലൂടെയാണ്. ഭർത്താവ് മതവിശ്വാസി അല്ലെങ്കിലും തന്റെ പ്രാര്‍ത്ഥയിലൂടെയാണ് എല്ലാം ശരിയായതെന്നും അവർ പറഞ്ഞു.
മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാൻ എ കെ ആന്റണി തയ്യാറായിരുന്നില്ല
"മകന്റെ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ചിന്തൻ ശിബിരിൽ മക്കള്‍ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തു. അതോടെ താൻ വലിയ വിഷമത്തിലായി. മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാൻ എ കെ ആന്റണി തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മാതാവിന്റെ അടുക്കൽ പ്രാർത്ഥിക്കുകയും കാര്യങ്ങൾക്ക് പെട്ടെന്നൊരു മാറ്റമുണ്ടാകുകയും ചെയ്തത്.
അമ്മയോട് ഞാൻ കരഞ്ഞുപ്രാർത്ഥിച്ചു
ബിബിസി വിവാദം ഉണ്ടായത് അപ്പോഴാണ്. അതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഒടുവിൽ അമ്മയോട് ഞാൻ കരഞ്ഞുപ്രാർത്ഥിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോൺകോൾ വന്നെന്ന് പറഞ്ഞ് അനിൽ വിളിച്ചു. എന്നാൽ കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് സമ്മതിക്കാൻ മനസുവന്നില്ല. ഒടുവിൽ അമ്മയുടെ അടുത്തവന്ന് പ്രാർത്ഥിക്കുകയും ജോസഫ് അച്ഛൻ മുഖാന്തരം പ്രശ്നപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം 'അമ്മ എനിക്ക് തന്നു. കൂടാതെ മകനെ തടയേണ്ടെന്നും അവന്റെ ഭാവി ബിജെപിയിലാണെന്നും 'അമ്മ പറഞ്ഞതായി ജോസഫ് അച്ഛൻ പറയുകയും ചെയ്തു." എലിസബത്ത് വെളിപ്പെടുത്തുന്നു.
"അവിശ്വാസിയായ ആളാണ് ഭർത്താവ്. അതുകൊണ്ടുതന്നെ അമ്മയോടുള്ള പ്രാർത്ഥനയോടൊന്നും താത്പര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. കോവിഡ് ബാധിതനായ ശേഷം രണ്ടുകാലുകൾക്ക് ബലക്കുറവ് ഉണ്ടാകുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് രാഷ്ട്രീയമെല്ലാം അവസാനിപ്പിച്ച് ഡൽഹിയിൽനിന്ന് നാട്ടിലേക്ക് വരുന്നത്. എന്നാൽ മാതാവിനോട് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കാലുകൾക്ക് ബലം വയ്ക്കുകയും ആത്മവിശ്വാസം തിരികെ ലഭിക്കുകയും ചെയ്തു." എലിസബത്ത് കൃപാസനം വേദിയില്‍ പറഞ്ഞു.