എകെജി സെന്റർ ആക്രമണം; ജിതിനുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. അതുകൊണ്ട് ഇന്നുതന്നെ തെളിവെടുപ്പിനെത്തിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തുവെറിയാന്‍ ജിതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടർ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൂടുതല്‍ പേർ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. ആക്രമണത്തിന് ശേഷം ജിതിന്‍ സ്കൂട്ടർ കൈമാറിയ സ്ത്രീയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്യും. ഇവരെ കേസില്‍ സാക്ഷിയാക്കാനാണ് നീക്കം. തെളിവുകളായ ടീഷർട്ടും ഷൂസും കണ്ടെത്താനും പരിശോധനകള്‍ തുടരുകയാണ്.
ആക്രമണം നടത്തിയത് പ്രാദേശിക നേതാക്കളോട് ആലോചിച്ചാണെന്നും ജിതിന്‍ കുറ്റം സമ്മതിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. എന്നാല്‍, പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭയപ്പെടുത്തിയെന്നുമാണ് വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഡിയോ സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങള്‍. അവിടെ നിന്ന് കെസ്ഇബി ബോർഡ് വെച്ച കാറിലേക്ക് മാറിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. കെഎസ്ഇബിക്ക് കരാർ കൊടുത്ത ഈ കാർ ജിതിന്റേതാണ്. ഇവിടെനിന്ന് ഡിയോ സ്കൂട്ടർ ഓടിച്ചുപോകുന്നത് ജിതിന്റെ സുഹൃത്തായ സ്ത്രീയാണ്.
ജൂലൈ 30നാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിനെ സെപ്റ്റംബർ 22നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് കേസില്‍ ഒരാള്‍ പിടിയിലാകുന്നത്. ജിതിന്റെ ജാമ്യാപേക്ഷ 27 ന് കോടതി പരിഗണിക്കും.