akg centre
akg centre

ആക്രമണം നടന്ന് മൂന്ന് ദിവസം, പാർട്ടി ആസ്ഥാനം ലക്ഷ്യമിട്ടയാളെ പിടികൂടാനാവാതെ പോലീസ്

Updated on
2 min read

ഭരണകക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം നടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അക്രമി ആരെന്ന് പോലും കണ്ടെത്താനാകാതെ പോലീസ്. എകെജി സെൻറ‍ർ ആക്രമണക്കേസിൽ പ്രതിയെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിലെ പ്രതിയെ പിടികൂടാൻ സാധിക്കാത്തത് പോലീസിന് വലിയ നാണക്കേടാണെന്ന് സിപിഎം പ്രവർത്തകർ തന്നെ പറയുന്നു

സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ആക്രമണം നടക്കുന്നതിന് അഞ്ച് ദിവസം മുൻപ് എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട അന്തിയൂർക്കോണ സ്വദേശിയായ റിജുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.

വെള്ളിയാഴ്ചയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ റിജു എകെജി സെന്റർ ആക്രമിച്ചു എന്ന് സ്ഥാപിക്കുന്ന തരത്തിൽ ഒരു തെളിവും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന സമയത്ത് റിജു കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നു എന്നാണ് ഇയാൾക്ക് ഒപ്പമുള്ളവരെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ച മൊഴികൾ.ഇയാളുടെ ഫോൺ വിവരങ്ങൾ അടക്കം പരിശോധിച്ചിട്ടും കാര്യമായി ഒന്നും കണ്ടെത്താൻ പോലിസിന് സാധിച്ചിട്ടില്ല. പ്രതിയുടെ വാഹനവും സ്ഫോടകവസ്തു എറിഞ്ഞയാൾ ഉപയോഗിച്ച വാഹനവും ഒന്നല്ലെന്നതും പോലീസിനെ ആശയ കുഴപ്പത്തിലാക്കുന്നു.

സൈബർ പോലീസ് ഉൾപ്പെടെ 14 അംഗങ്ങൾ അടങ്ങുന്ന പ്രത്യേക സംഘമാണ് നിലിൽ കേസ് അന്വേഷിച്ചുവരുന്നത്. .ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ ദിനിലാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.

akg centre
akg centre

എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒന്നിലധികം പേരെന്ന് സൂചനമാത്രമാണ് ഇപ്പോഴും പോലീസിനുള്ളത് സ്‌ഫോടക വസ്തുവെറിയുന്നതിന് മുമ്പെ, മറ്റൊരു സ്‌കൂട്ടറിൽ വന്നയാൾ ഒരു കവർ പ്രതിക്ക് കൈമാറുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവങ്ങളിൽ പോലീസ് പരിശോധിച്ചിരുന്നു.

പോലീസ് പറയുന്നതനുസരിച്ച് ബോംബെറിഞ്ഞ പ്രതി, സംഭവത്തിനുശേഷം കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടാണ് പോയതെന്നാണ്. എന്നാൽ ആക്രമണം നടത്തി മടങ്ങിയ വഴികളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ നമ്പർ പോലും തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം പി സി ജോർജ്ജിനെ ലൈംഗികാരോപണ കേസിൽ അറസ്റ്റ് ചെയ്തത് പോലും എ കെ ജി സെൻ്റർ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന ആരോപണം ഇതിനകം ഉയർന്നു കഴിഞ്ഞു. എന്നാൽ ജോർജ്ജിന് ജാമ്യം കിട്ടുകയും അദ്ദേഹം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ വീണ്ടും സർക്കാരും സിപിഎമ്മും പ്രതിരോധത്തിലാവുകയാണ്.

logo
The Fourth
www.thefourthnews.in