സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഹരിപ്പാട് അതീവ ജാഗ്രത
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പ്രദേശങ്ങളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പാടശേഖരങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് താറാവുകളില്‍ രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിൽ താറാവുകളെ കൊന്ന് മറവ് ചെയ്യും.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ 8 യൂണിറ്റുകളെയും സജ്ജമാക്കിയിട്ടുണ്ട്. കള്ളിംഗ് (കൂട്ടത്തില്‍ നിന്ന് ജീവികളെ തിരഞ്ഞെടുത്ത് ഇല്ലാതാക്കുക). നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഹരിപ്പാട് നഗരസഭ- പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി തടയുന്നതിനായി രണ്ടായിരത്തിലേറെ പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക.
ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു
അതേസമയം ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്, ഹരിപ്പാട് നഗരസഭ അധികൃതരുമായി ചർച്ച നടത്തി.
എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ഒക്ടോബർ 30 വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു.