പെന്‍ഷന്‍ തുക ഇനി കുരുന്നുകള്‍ക്ക് തുണയാകും; ആലപ്പുഴ കളക്ടര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ടീച്ചറമ്മ

പെന്‍ഷന്‍ തുക ഇനി കുരുന്നുകള്‍ക്ക് തുണയാകും; ആലപ്പുഴ കളക്ടര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ടീച്ചറമ്മ

കോവിഡ് മഹാമാരിയില്‍ അച്ഛനെ നഷ്ടമായ രണ്ട് മക്കളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനാണ് കഴിഞ്ഞ ദിവസം അനിത ടീച്ചര്‍ ആലപ്പുഴ കളക്ടറേറ്റില്‍ എത്തിയത്
Updated on
1 min read

അധ്യാപനം വെറും ജോലി മാത്രമല്ല, സമൂഹത്തോടുള്ള പ്രതിബന്ധത കൂടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് അനിത ടീച്ചര്‍. സേവനകാലത്തിന് ശേഷം ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു പങ്ക് രണ്ട് കുരുന്നുകളുടെ സ്വപ്‌നങ്ങള്‍ക്കും, അതിജീവനത്തിനും മാറ്റിവയ്ച്ചിരിക്കുകയാണ് ഈ ടീച്ചറമ്മ. ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് ടീച്ചറുടെ നന്മ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചത്.

ടീച്ചറമ്മ വാക്ക് പാലിച്ചു, എന്ന കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് അച്ഛനെ നഷ്ടമായ രണ്ട് മക്കളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് അനിത ടീച്ചര്‍. കൂട്ടികളില്‍ ഒരാള്‍ ഓട്ടിസം ബാധിതനും, മറ്റൊരാള്‍ കുട്ടിയും മറ്റൊരു കുഞ്ഞ് അസുഖം ബാധിച്ച് ചികിത്സയിലുമാണ്. ഓട്ടിസം ബാധിച്ച കുഞ്ഞിന് സ്‌കൂളില്‍ പോകുന്നതിനായി ആവശ്യമുള്ള മുഴുവന്‍ പണവും അസുഖം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണവുമാണ് ടീച്ചറുടെ പെന്‍ഷന്‍ തുകയില്‍ നിന്നും നല്‍കുമെന്നും കളക്ടര്‍ പോസ്റ്റില്‍ അറിയിച്ചു. രണ്ട് കുടുംബങ്ങളും ടീച്ചറും കളക്ടറുടെ ഓഫീസില്‍ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

ടീച്ചറമ്മ വാക്ക് പാലിച്ചു

അനിത ടീച്ചറെന്ന വലിയ മനസുള്ള അമ്മയെ നിങ്ങള്‍ക്ക് പലര്‍ക്കും അറിയുമല്ലോ.. നേരത്തെ നല്‍കിയ വാക്ക് പാലിക്കാനായി ഈ അമ്മ കഴിഞ്ഞ ദിവസം ഓഫീസില്‍ വന്നിരുന്നു. കോവിഡ് ബാധിച്ച് അച്ഛനെ നഷ്ടമായ രണ്ട് മക്കളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനായാണ് ഈ അമ്മ വന്നത്.

ഇതിലൊരു മോന്‍ ഓട്ടിസം ബാധിച്ച കുട്ടിയും മറ്റൊരു കുഞ്ഞ് അസുഖം ബാധിച്ച് ചികിത്സയിലുമാണ്. ഓട്ടിസം ബാധിച്ച കുഞ്ഞിന് സ്‌കൂളില്‍ പോകുന്നതിനായി ആവശ്യമുള്ള മുഴുവന്‍ പണവും അസുഖം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണവും ഇനിമുതല്‍ ഈ അമ്മയുടെ പെന്‍ഷന്‍ തുകയില്‍ നിന്നും നല്‍കും.

ഈ രണ്ട് കുടുംബങ്ങളുടേയും അവരുടെ കുഞ്ഞ് മക്കളുടേയും മുഖത്തെ സന്തോഷം മാത്രം മതി ഈ ടീച്ചറമ്മയുടെ പുണ്യ പ്രവൃത്തിക്ക് പകരമായി.

പ്രിയപ്പെട്ട ഈ അമ്മ വരച്ചു കാട്ടുന്ന മാതൃക എത്ര വലുതാണ്.. തീര്‍ച്ചയായും ഈ അമ്മയുടെ വിദ്യാര്‍ഥികള്‍ക്ക് എന്നും അവരുടെ ടീച്ചറെയോര്‍ത്ത് അഭിമാനിക്കാം.

ഈ വലിയ മനസിന് ഉടമയായ അമ്മയ്ക്ക് എന്റെ എല്ലാവിധ സ്‌നേഹാഭിവാദ്യങ്ങളും.

logo
The Fourth
www.thefourthnews.in