ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ
ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ

''കുട്ടികളെ, അവധി തരാം; വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ'': ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയുടെ ആദ്യ ഉത്തരവ് വൈറല്‍

പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ, വന്‍ ആഘോഷത്തോടെയാണ് കൃഷ്ണ തേജയുടെ ഫേസ്ബുക്ക് കുറിപ്പ് ജനങ്ങള്‍ ഏറ്റെടുത്തത്
Updated on
2 min read

മഴക്കാലം ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ഥികളുടെ വിളയാട്ടത്തിന്റെ കാലം കൂടിയാണ്. മാനത്ത് മഴക്കാര്‍ കാണുമ്പോള്‍ തന്നെ അവധി അപേക്ഷകളുമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ കളക്ടര്‍മാരുടെ എഫ്ബി പേജിലെത്തും. പിന്നീടങ്ങോട്ട്, അവധി അപേക്ഷകളുടെ കുത്തൊഴുക്കായിരിക്കും. ചിരിയും ചിന്തയുമൊക്കെ ഉയര്‍ത്തുന്നതായിരിക്കും ഇത്തരം കമന്റുകളില്‍ ഏറെയും. എന്നാല്‍, കുട്ടികള്‍ അപേക്ഷയുമായി ഫേസ്ബുക്കില്‍ എത്തുംമുന്‍പേ അവധി പ്രഖ്യാപിച്ച് കൈയ്യടി നേടുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ജില്ലയിലെ മഴ സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു സ്ഥാനമേറ്റതിനു ശേഷമുള്ള കൃഷ്ണ തേജയുടെ ആദ്യ ഉത്തരവ്. ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. വാത്സല്യവും കരുതലും നിറച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റെടുക്കുകയും ചെയ്തു.

മഴ അറിയിപ്പ് നല്‍കുമ്പോഴുള്ള പതിവ് വാക്കുകളും രീതികളും മാറ്റിവെച്ചായിരുന്നു കൃഷ്ണ തേജയുടെ ഫേസ്ബുക്ക് കുറിപ്പ്. പ്രിയ കുട്ടികളെ, എന്നായിരുന്നു അഭിസംബോധന. ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞശേഷമാണ് അവധി പ്രഖ്യാപിച്ച കാര്യം കളക്ടര്‍ അറിയിക്കുന്നത്. തീര്‍ന്നില്ല, അവധിയാണെന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേയെന്ന കരുതല്‍ കൂടി കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛനമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്കൊന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ചിരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂയെന്നുമുള്ള സ്‌നേഹാശംസകളോടെയാണ് കൃഷ്ണ തേജ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം ശക്തമായതോടെയാണ്, അദ്ദേഹത്തെ നീക്കി കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഭാര്യയും ആലപ്പുഴ കളക്ടറുമായിരുന്ന ഡോ. രേണു രാജിനെ എറണാകുളത്ത് മാറ്റിയതിനുശേഷമാണ് ശ്രീറാമിനെ ആലപ്പുഴയില്‍ നിയമിച്ചത്. ശ്രീറാമിനെതിരായ പ്രതിഷേധം വിവാഹത്തിനുശേഷം ഡോ. രേണു രാജിനെതിരെയും ഉയര്‍ന്നപ്പോള്‍, കളക്ടറുടെ ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് ഓപ്പണ്‍ ആക്കിയിരുന്നില്ല. പിന്നാലെ ആലപ്പുഴയില്‍ കളക്ടറായി സ്ഥാനമേറ്റ ശ്രീറാമും കമന്റ് ബോക്‌സ് അടച്ചുവെച്ചു. എന്നാല്‍, പകരക്കാരനായെത്തിയ കൃഷ്ണ തേജ, കുട്ടികള്‍ക്കുള്ള കുറിപ്പ് ഇട്ടതിനൊപ്പം കമന്റ് ബോക്‌സും ഓപ്പണാക്കി.

പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ, വന്‍ ആഘോഷത്തോടെയാണ് കൃഷ്ണ തേജയുടെ ഫേസ്ബുക്ക് കുറിപ്പ് ജനങ്ങള്‍ ഏറ്റെടുത്തത്. നിരവധിപ്പേരാണ് കളക്ടര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനിടെ, 14,000 പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് കുറിപ്പിനോട് പ്രതികരിച്ചിരിക്കുന്നത്. ആയിരത്തിഒരുന്നൂറിലധികം പേര്‍ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ആദ്യ പ്രളയകാലത്ത് ആലപ്പുഴയില്‍ സബ് കളക്ടറായിരുന്നു ആന്ധ്ര സ്വദേശിയായ കൃഷ്ണ തേജ. അന്ന് നിരവധി സഹായങ്ങള്‍ സ്വന്തം സംസ്ഥാനത്തുനിന്നും അദ്ദേഹം ജില്ലയില്‍ എത്തിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കൃഷ്ണ തേജയെ വരവേല്‍ക്കുന്നത്.

logo
The Fourth
www.thefourthnews.in