'തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ല'; ആലപ്പുഴ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദൻ

'തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ല'; ആലപ്പുഴ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദൻ

കരുനാഗപ്പള്ളി ലഹരി കേസുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗം ഷാനവാസിന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി ജാഗ്രതയുടെ ഭാഗമാണെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം
Updated on
1 min read

ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജനങ്ങള്‍ക്ക് അന്യമാകുന്ന ഒന്നിനെയും പാര്‍ട്ടി സ്വീകരിക്കില്ല. തെറ്റായ ഒരു പ്രവണതയ്ക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും ആലപ്പുഴ വിഷയം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴയല്ല എവിടെയായാലും പാര്‍ട്ടി പരിശോധിക്കേണ്ടത് പരിശോധിക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗം എ ഷാനവാസിന്റെ സസ്‌പെൻഡ് ചെയ്തത് പാര്‍ട്ടി ജാഗ്രതയുടെ ഭാഗമാണെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഇത് പ്രാഥമിക നടപടി മാത്രമാണ്. സംഘടനാപരമായ പരിശോധന സിപിഎമ്മിന്റെ രീതിയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് ഇനിയെന്തെന്ന് തീരുമാനിക്കുക. തെറ്റായ ഒരു പ്രവണതയ്ക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

അതിനിടെ പാർട്ടിയിൽ ഇപ്പോൾ വിഭാഗീയതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ജയരാജനെതിരായ ആരോപണം മാധ്യമ സൃഷ്ടി മാത്രമാണ്. സംഘടനാ വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യും. പാർട്ടിക്കകത്ത് പറയേണ്ടത് അകത്ത് പറയും. ഞാൻ പറയേണ്ടത് മാത്രമേ പറയുകയുള്ളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര സർക്കാരിന്റെയും ആര്‍എസ്എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സിപിഎം സംസ്ഥാന ജാഥ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് ജാഥ നടക്കുക. കേന്ദ്ര സർക്കാർ നയങ്ങൾ തുറന്നുകാട്ടുക, എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. സി എസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ. 

logo
The Fourth
www.thefourthnews.in