ഓടുന്ന ട്രെയിനില്‍ തീയിട്ടത് ആസൂത്രിതമെന്ന് സംശയം; ട്രാക്കില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി
ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീകൊളുത്തിയത് ആസൂത്രിത ആക്രമണമെന്ന് പോലീസ് നിഗമനം. ട്രെയിനിലെ ഡി വണ്‍ കോച്ചിന് തീകൊളുത്തിയയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിയപ്പോള്‍ അക്രമി ഇറങ്ങിയോടി ബൈക്കില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാള്‍ കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തിയത് ആസൂത്രിത ആക്രമണമാണെന്ന സംശയം വര്‍ധിപ്പിക്കുന്നതാണ്.
ട്രെയിനില്‍ തീയിട്ടതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയതെന്ന് സംശയിക്കുന്ന മൂന്നുപേരുടെ മൃതദേഹം എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് കണ്ടെടുത്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്‌മത്ത്, രണ്ടുവയസുകാരി സഹറ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രാക്കില്‍ തലയിടിച്ച് വീണനിലയിലായിരുന്നു മൂന്നുപേരും.
രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ചുവന്ന ഷര്‍ട്ട് ധരിച്ച മധ്യവയസ്‌കനാണ് തീയിട്ടതെന്ന് യാത്രക്കാര്‍ പോലീസിന് മൊഴി നല്‍കി. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ചശേഷം ഇയാള്‍ തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലാണ് ആക്രമണമുണ്ടായത്. ജനറല്‍ കംപാര്‍ട്ടമെന്‌റ് വഴി റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലേക്ക് ഇയാളെത്തിയതെന്നാണ് സംശയിക്കുന്നത്.
എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി. ബാഗില്‍ അരക്കുപ്പിയോളം ഇന്ധനനവും രണ്ട് മൊബൈല്‍ഫോണും ഹിന്ദിയിലുള്ള പുസ്തകങ്ങളും കണ്ടെത്തി. ബാഗില്‍ സ്‌ഫോടകവസ്തുക്കള്‍ ഉള്ളതായി സംശയിക്കുന്നു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും. ഫോറന്‍സിക് സംഘവും ഇന്ന് പരിശോധന നടത്തും.
ആക്രമണത്തില്‍ പരുക്കേറ്റ ഒന്‍പതുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. കണ്ണൂര്‍ സ്വദേശികളായ അനില്‍കുമാര്‍, സജിഷ, അദ്വൈത്, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ സ്വദേശികളായ റൂബി,ജ്യോതീന്ദ്രനാഥ്, തൃശൂര്‍ സ്വദേശികളായ പ്രിന്‍സ്, പ്രകാശന്‍ എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. അനില്‍കുമാറിന് മുഖത്തും അശ്വതിക്ക് കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു.