ആലപ്പുഴ മെഡിക്കല്‍ കോളേജ് കെട്ടിട ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍; ചെന്നിത്തലയും കൊടിക്കുന്നിലും ബഹിഷ്കരിക്കും
വിവാദങ്ങള്‍ മുറുകുമ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി. കോണ്‍ഗ്രസില്‍ നിന്ന് ഇവരെ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. കെ സി വേണുഗോപാലിനെയും ജി സുധാകരനെയും ഉദ്ഘാടന പരിപാടിയില്‍നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഇരുവരും പരിപാടി ബഹിഷ്‌കരിക്കുന്നത്.
ചടങ്ങില്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജി സുധാകരന്റെയും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും നേരിട്ടുള്ള ഇടപെടലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത്. നിര്‍മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും ഷൈലജ ടീച്ചറെ ചടങ്ങില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കെ സി വേണുഗോപാലിനെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. ചടങ്ങില്‍ നിന്ന് കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. പദ്ധതിക്കായി ആദ്യാവസാനം മുന്നില്‍ നിന്ന തന്നെ ഓര്‍ക്കാതിരുന്നതില്‍ തനിക്ക് പരിഭവമില്ലെന്നും ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണെന്നും അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഴിയരികില്‍ വെയ്ക്കുന്ന ഫ്ലെക്സുകളിലല്ല, ജനഹൃദയങ്ങളില്‍ രൂപപ്പെടുന്ന ഫ്ലെക്സുസുകളാണ് പ്രധാനമെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
173.18 കോടി രൂപ ചെലവില്‍ നിര്‍മിച്ച 6 നില കെട്ടിടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്റോ ക്രൈനോളജി എന്നിങ്ങനെ 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളാണ് പുതിയ കെട്ടിടത്തിലുള്ളത്.