കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ സാമ്പത്തികപ്രതിസന്ധി വരെ; കേരളത്തിലെ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യ വര്‍ധിച്ചു
ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആഗോളതലത്തില്‍ പൊതുസമൂഹാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യ. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം പേരാണ് വിവിധ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധിവരെ ലോകവ്യാപകമായി ആത്മഹത്യകള്‍ക്കു വഴിവെയ്ക്കുന്നുണ്ട്.
ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ 56 ശതമാനവും 45 വയസിനു മുകളിലുള്ളവരാണ്. ഇതില്‍ 76 ശതമാനവും വിവാഹിതരുമാണ്. 45 പിന്നിട്ട പുരുഷന്‍മാര്‍ നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്
കേരളത്തില്‍നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യയുടെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ വളരെ ഗുരുതരമാണ്. സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് വളരെ ഉയര്‍ന്നുനില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിലെ കണക്കുകള്‍ പ്രകാരം 2022 ല്‍ ഒരു ലക്ഷം പേരില്‍ 13 പേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ ഇത് 28.81 ആണെന്നത് സാഹചര്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആത്മഹത്യനിരക്ക് പുരുഷ- സ്ത്രീ അനുപാതം പ്രകാരം 80: 20 എന്നനിലയിലാണ്. 2022 ല്‍ സംസ്ഥാനത്ത് 8,490 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത് എങ്കില്‍ 2023 ല്‍ ഇത് 10972 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഈ കണക്കുകളില്‍ 8811 പേര്‍ പുരുഷന്‍മാരായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് സംസ്ഥാനത്തെ ആത്മഹത്യ കേസുകളുടെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇക്കാലയളവില്‍ ജീവനൊടുക്കിയ പുരുഷന്‍മാരില്‍ ഭൂരിഭാഗവും വിവാഹിതരാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ 56 ശതമാനവും 45 വയസിന് മുകളിലുള്ളവരാണ്. ഇതില്‍ 76 ശതമാനവും വിവാഹിതരാണ്. നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷന്‍മാര്‍ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കുടുംബപ്രാരബ്ധങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളും ഈ പ്രായത്തിനുള്ളില്‍ വരുന്നവരില്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സാമ്പത്തിക അസ്ഥിരതയാണ് പുരുഷന്മമാരിലെ ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരുമായിരുന്നു.
സംസ്ഥാനത്തെ ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1611 കേസുകളാണ് ജില്ലയില്‍ സംഭവിച്ചത്. 354 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വയനാടാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. എന്നാല്‍ ജനസംഖ്യ പ്രകാരം ഒരു ലക്ഷം പേരില്‍ എത്രയെന്ന നിലയില്‍ ആത്മഹത്യകളുടെ കണക്കെടുത്താല്‍ വയനാട് നാലാംസ്ഥാനത്തുണ്ട്. 41 കേസാണ് വയനാട്ടിലെ ഈ നിരക്ക്. ഈ കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നില്‍ (10.78).