ഏലിയാമ്മ വിജയൻ
ഏലിയാമ്മ വിജയൻ

വിഴിഞ്ഞം വിദേശ ഫണ്ട് വിവാദം: അപമാനിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഏലിയാമ്മ വിജയന്‍

മത്സ്യത്തൊഴിലാളി സമരവുമായി ഫണ്ടിന് ബന്ധമില്ലെന്ന് മറുപടി
Updated on
1 min read

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ വിദേശ ഫണ്ടെത്തുന്നു എന്ന റിപ്പോര്‍ട്ടുകളെ ചൊല്ലി വിവാദം. വിഴിഞ്ഞം തുറമുഖ സമരസമിതി നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലൂടെ നടന്ന ഇടപാട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നെന്ന് ന്യൂസ് 18 അടക്കമുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തള്ളി സഖി വിമന്‍സ് റിസോഴ്സ് സെന്റര്‍ സ്ഥാപക ഏലിയാമ്മ വിജയന്‍ രംഗത്തെത്തി. ന്യൂസ് 18 ചാനലിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് അവര്‍. വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ദ ഫോര്‍ത്തിനോട് പ്രതികരിക്കുകയായിരുന്നു ഏലിയാമ്മ വിജയന്‍.

എന്റെയും കുടുംബത്തിന്റെയും പേരും വിവരവും നൽകി അപമാനിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകും
ഏലിയാമ്മ വിജയൻ

വിഴിഞ്ഞം തുറമുഖ സമരസമിതി നേതാവ് എ ജെ വിജയന്റെ ഭാര്യയായ ഏലിയാമ്മ വിജയന്റെ അക്കൗണ്ടില്‍ 11 കോടി രൂപയുടെ വിദേശ നിക്ഷേപം കണ്ടെത്തിയെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം പിന്നീട് ഒരു വിഭാഗം മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചിലമാധ്യമങ്ങള്‍ നടത്തുന്ന നീക്കം സഖി വിമന്‍സ് റിസോഴ്സ് സെന്ററിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് ഏലിയാമ്മ വിജയന്റെ പ്രതികരണം.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമായി തന്റെ അക്കൗണ്ടില്‍ എത്തിയ ഫണ്ടിന് ബന്ധമില്ലെന്ന് ഏലിയാമ്മ വിജയൻ പറഞ്ഞു. സഖിയുടെ വാർഷിക റിപ്പോർട്ട് സൈറ്റിൽ പബ്ലിഷ് ചെയ്യാറുണ്ട്. വരവ്, ചിലവ് സംബന്ധിച്ച കാര്യങ്ങൾ അതിൽ വിശദമാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഫണ്ടുകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ലെന്നും എന്തെങ്കിലും അഴിമതി നടത്തിയിരുന്നുവെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ സ്ഥാപനത്തിന്റെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും ചാനലിന് അയച്ച വക്കീല്‍ നോട്ടീസില്‍ ഇവര്‍ പറയുന്നു. അതേസമയം തന്റെയും കുടുംബത്തിന്റെയും പേരും വിവരവും നൽകി അപമാനിക്കാൻ ശ്രമിച്ചതിനെരെയും ഏലിയാമ്മ ചാനലിനെതിരെ പരാതി ഉന്നയിക്കുന്നുണ്ട്.

സഖിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷാവര്‍ഷം ഫണ്ട് ലഭിക്കുന്നുണ്ട്. അങ്ങനെ ലഭിച്ച ഫണ്ടുകളുടെ ആകെ തുകയാണ് ഇതെന്നും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമായി തന്റെ അക്കൗണ്ടില്‍ എത്തിയ ഫണ്ടിനു ബന്ധമില്ലെന്നും ഏലിയാമ്മ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കാര്യമായ ക്രമക്കേടുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.

വിഴിഞ്ഞം സമരം ലാറ്റിന്‍ അതിരൂപതയാണ് നയിക്കുന്നതെന്നും ഏലിയാമ്മയുടെ ഭര്‍ത്താവ് എ ജെ വിജയന്‍ സമരസമിതി നേതാവല്ലെന്നും ചാനല്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

1996-ൽ ത്രിവത്സര മാക് ആർതർ ഫൗണ്ടേഷൻ ഫെലോഷിപ്പ് ഉപയോഗിച്ച് ഏലിയാമ്മ വിജയൻ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റാണ് സഖി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടലുമാണ് സംഘടനയുടെ പ്രവർത്തനം. നിലവിൽ ഏലിയാമ്മ വിജയൻ അടക്കം അഞ്ച് അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയന്‍ എന്ന എ ജെ വിജയന്‍.

logo
The Fourth
www.thefourthnews.in