'പണി തരുമെന്ന് എസ്എഫ്ഐ നേരത്തെ പറഞ്ഞിരുന്നു': അലൻ ഷുഹൈബിന് ജാമ്യം

'പണി തരുമെന്ന് എസ്എഫ്ഐ നേരത്തെ പറഞ്ഞിരുന്നു': അലൻ ഷുഹൈബിന് ജാമ്യം

കോളേജിൽ നടന്ന സംഘർഷത്തിൽ മറ്റ് വിദ്യർത്ഥികളെ ഉപദ്രവിച്ചതിനാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്
Updated on
1 min read

കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ റാഗിങ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത നടപടി എസ്എഫ്ഐയുടെ പകപോക്കലെന്ന് അലൻ ശുഹൈബ്. പോലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് അലന്‍ എസ്എഫ്ഐക്ക് എതിരെ രംഗത്ത് എത്തിയത്. റാഗിങ്ങ് പരാതിയിൽ സാക്ഷിയായി നിന്നതിന്റെ പക പോക്കലാണെന്ന് തനിക്കെതിരെ നടക്കുന്നതെന്ന് അലൻ ശുഹൈബ്.

കോളേജിൽ നടന്ന സംഘർഷത്തിൽ മറ്റ് വിദ്യർത്ഥികളെ ഉപദ്രവിച്ചതിനാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അലൻ ഉൾപ്പെടെ രണ്ട് പേരെയാണ് ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

കഴിഞ്ഞ വർഷം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വിസിക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ നൽകിയ റാഗിങ്ങ് പരാതിയിൽ സാക്ഷികളായി നിന്നതിന്റെ വൈരാഗ്യമാണ് പുതിയ കള്ളകേസ്. ഇത്തരത്തിലൊരു കേസിൽ കുടുക്കുമെന്നും പണി നൽകുമെന്നും എസ്എഫ്ഐ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. താൻ തീവ്രവാദിയാണെന്നും കോളേജിൽ മാവോയിസ്റ് പ്രവർത്തങ്ങൾ നടത്തുന്നുണ്ടെന്നുമാണ് എസ്എഫ്ഐ ആരോപിക്കുന്നത്. സഹപാഠിയെ തല്ലിയതിന്റെ പേരിൽ പ്രതിഷേധിച്ചതാണോ തീവ്രവാദ പ്രവർത്തനമെന്നും അലൻ ചോദിച്ചു. അലൻ തീവ്രവാദ ബന്ധം തുടരുകയാണെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു.

വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് രണ്ടാം വർഷ വിദ്യാർത്ഥി ബദറുദ്ദീനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നാണ് അലന്റെ വാദം. ഇവരെ തടയാൻ ശ്രമിച്ച അലനെയും രണ്ടാം വർഷ വിദ്യാർത്ഥിയായ മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥിയായ നിഷാദ് ഊരാതൊടിയേയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് അലൻ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in