കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിച്ചെന്ന് പരാതി
ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതിയായ കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിക്കുന്നെന്ന് പരാതി. 2021 -2022 വര്‍ഷത്തെ പ്രവേശന പ്രക്രിയയില്‍ സംവരണം അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ദളിത് അപേക്ഷാര്‍ഥി കോടതിയെ സമീപിച്ചു. എഡിറ്റിങ്ങ് കോഴ്‌സിലേക്ക് അപേക്ഷിച്ച ശരത്തിന് അവസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപെടുത്തിയെന്ന ആരോപണവുമായി കോടതിയില്‍ കോവാറന്റോ റിട്ട് ഫയല്‍ ചെയ്തിരിക്കുകയാണ്.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് പിജി ഡിപ്ലോമ കോഴ്‌സുകളാണ് നിലവിലുള്ളത്.സ്‌ക്രിപ്റ്റ് ആന്‍ഡ് ഡയറക്ഷന്‍, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി, എഡിറ്റിംഗ് എന്നിയാണ് കോഴ്‌സുകള്‍. ഒരോ കോഴ്‌സിലും പ്രത്യേകം സംവരണം നല്‍കണമെന്നിരിക്കെ മുഴുവന്‍ പിജി ഡിപ്ലോമ കോഴ്സിലേക്കുമായാണ് സ്ഥാപനം ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നടപ്പാക്കിയിരിക്കുന്നത്.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചുവെന്നും എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ എസ് / എസ്ടി വിഭാഗത്തില്‍ സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും തനിക്ക് പ്രവേശനം ലഭിച്ചില്ലെന്നും ശരത് ദ ഫോര്‍ത്തിനോട് പറഞ്ഞു. അഞ്ച് ജനറല്‍ സീറ്റിലും ഒരു ഒബിസി സീറ്റിലും പ്രവേശനം നടത്തിയിട്ടും എസ് / എസ്ടി വിഭാഗത്തില്‍ പ്രവേശനം നടത്തിയില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിളിച്ച് കാരണമന്വേഷിച്ചപ്പോള്‍ പ്രവേശനത്തിന് ആവശ്യമായ കട്ട് ഓഫ് മാര്‍ക്ക് ഇല്ല എന്നതായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികരണം.അഖിലേന്ത്യാ തലത്തില്‍ എസ്.ആര്‍.എഫ്.ടി.ഐ യുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നാമതുള്ള ആളാണ് ശരത്.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂ നടക്കുന്നത്. ഈ വര്‍ഷം ഒരു ദളിത് വിദ്യാര്‍ഥിക്ക് പോലും സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചിട്ടില്ല. ജനറല്‍ വിഭാഗത്തിനുള്ള കട്ട് ഓഫ് മാര്‍ക്കായിരിക്കില്ല, സംവരണ വിഭാഗത്തിന്. തന്റെ മാര്‍ക്ക് എത്രയാണെന്ന് അന്വേഷിച്ചപ്പോള്‍ മാനേജ്‌മെന്റ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നെന്ന് ശരത് പറഞ്ഞു. നിലവില്‍ സംവരണ വിഭാഗത്തിലെ ലിസ്റ്റും കാറ്റഗറിയനുസരിച്ചുള്ള റാങ്ക് ലിസ്റ്റും ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല. അത്‌കൊണ്ട് തന്നെ റിസര്‍വേഷന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ക്ക് അഡ്മിഷന്‍ ലഭിച്ചുവെന്നത് വിദ്യാര്‍ഥികള്‍ക്കും ധാരണ ഇല്ല.
പ്രവേശനപരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ പത്ത് പേരാണ് പങ്കെടുത്തത്.അതില്‍ നിന്ന് ആറുപേരെയാണ് തിരഞ്ഞെടുത്തത്. പത്ത് സീറ്റുകളില്‍ ബാക്കി നാല് സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.വിവരാവകാശ നിയമ പ്രകാരം മാര്‍ക്കറിയണമെങ്കില്‍ 30 ദിവസമെടുക്കുമെന്നതിനാല്‍ ശരത് കോടതിയില്‍ കോവാറന്റോ റിട്ട് ഫയല്‍ ചെയ്തു. ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ കോഴ്സ് നിര്‍ത്തി പോയവരുടെ ഒഴിവിലേക്ക് കാറ്റഗറി അടിസ്ഥാനപ്പെടുത്തി കൃത്യമായി ആളെ എടുക്കുന്നില്ല എന്ന പരാതിയും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. സീറ്റ് പൂര്‍ണ്ണമായും നികത്തണമെന്ന് ഗവണ്മെന്റ് ഉത്തരവുണ്ട്. എന്നിട്ടും കേവലം പത്ത് സീറ്റുമാത്രമുള്ള കോഴ്സില്‍ നാല് സീറ്റുകള്‍ ഒഴിച്ചിടുകയാണ് ഉണ്ടായത്. ആരോപണങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് വലിയ അനാസ്ഥ മിക്ക കാര്യങ്ങളിലും ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് കിട്ടേണ്ട ഇ-ഗ്രാന്റ് സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. വിദ്യാര്‍ഥികളുടെ നിരന്തര ശ്രമഫലമായി മന്ത്രി ആര്‍ ബിന്ദു ഇടപെട്ട് ഗ്രാന്റ് അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഗ്രാന്റിന് അര്‍ഹതയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അത് ലഭിച്ചിട്ടില്ല. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥ മാത്രമാണ് ഇതിന് കാരണമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇടയ്ക്ക് മൂന്ന് വര്‍ഷം കാലാവധിയുള്ള കോഴ്‌സുകള്‍ രണ്ട് വര്‍ഷമായി വെട്ടിചുരുക്കാനുള്ള ശ്രമവും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ മന്ത്രിയെ അറിയിക്കുകയും വിദ്യാര്‍ഥികളുമായി നേരിട്ടൊരു ചര്‍ച്ച നടത്താമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മുപ്പത് വയസ്സാക്കി ചുരുക്കിയതും വി.എഫ്.എക്‌സ് കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ക്ക് മികച്ച നിലവാരമുള്ള ലാപ്ടോപ്പുകള്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.
കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായി പുറത്തിറങ്ങിയ കാലത്ത് തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരില്‍ നിന്ന് ദളിതനായതിനാല്‍ അവഗണനയെ തുടർന്ന് ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിക്കേണ്ടിവന്നയാളാണ് കെ ആര്‍ നാരായണന്‍. അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിലാണ് ജാതീയമായ വിവേചനമെന്ന ആരോപണം ഉയരുന്നതെന്നതാണ് വിരോധാഭാസം .