'295 ഒഴിവുകളുണ്ട്, മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കണം'; സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ നല്‍കിയ കത്ത് വിവാദത്തില്‍

'295 ഒഴിവുകളുണ്ട്, മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കണം'; സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ നല്‍കിയ കത്ത് വിവാദത്തില്‍

ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകികയറ്റാന്‍ ശ്രമമെന്ന് ആരോപണം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് നല്‍കിയെന്ന പേരില്‍ പുറത്തുവന്ന കത്താണ് വിവാദത്തിന് തുടക്കമിട്ടത്.

നഗരസഭയിലെ 295 താല്‍കാലിക ഒഴിവുകളുണ്ടെന്നും ഇതിലേയ്ക്ക് നിയമിക്കാന്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതാണ് കത്ത്. ഈ മാസം ഒന്നിനാണ് കത്തയച്ചത്. കത്ത് പുറത്ത് വന്നതിന് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

മേയറുടെ നടപടി സത്യ പ്രതിജ്ഞാ ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥന്‍ പ്രതികരിച്ചു. കഷ്ടപ്പെട്ട് പഠിക്കുന്നവര്‍, തൊഴില്ലില്ലാത്ത ചെറുപ്പക്കാര്‍ ജോലിയെവിടെ എന്ന് ചോദിച്ചു നാട്ടില്‍ അലയുമ്പോള്‍ തലസ്ഥാനത്ത് പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേളയാണ്. മേയര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായിട്ടുള്ള സത്യപ്രതിജ്ഞ ലംഘനമാണ്. പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയര്‍ തൊഴില്‍ നല്‍കാമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്. മേയര്‍ക്ക് തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

നിരവധി യുവാക്കൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോൾ സ്വന്തം പാർട്ടിക്കാർക്ക് കോർപ്പറേഷന് കീഴിലെ ജോലികൾ വീതം വെച്ച് നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. അനധികൃത നിയമനം നടത്താനുള്ള മേയറുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

എന്നാല്‍, വിവാദത്തിന് അടിസ്ഥാനമായ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in