പരിസ്ഥിതിയുടെ രാഷ്ട്രീയം; ദൃശ്യ സാക്ഷാത്കാരവുമായി തുര്‍ക്കിയില്‍ നിന്ന് ആല്‍പ്പെര്‍ ഐഡിന്‍

പരിസ്ഥിതിയുടെ രാഷ്ട്രീയം; ദൃശ്യ സാക്ഷാത്കാരവുമായി തുര്‍ക്കിയില്‍ നിന്ന് ആല്‍പ്പെര്‍ ഐഡിന്‍

ജന്മനാടായ ഒര്‍ദുവിലെ പല വലുപ്പത്തിലും തൂക്കത്തിലുമുളള കല്ലുകളുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്
Updated on
1 min read

പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയില്‍ തുര്‍ക്കിയില്‍ നിന്നെത്തിയ ആല്‍പ്പര്‍ ഐഡിന്‍ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യന്‍ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിര്‍സ്ഫുരണമാണ് തന്റെ കലാസൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും മൂര്‍ത്തത നല്‍കാന്‍ കലയെക്കാള്‍ ഉത്തമ ഉപാധിയില്ലെന്ന് 33 കാരനായ ആല്‍പ്പര്‍ വിശ്വസിക്കുന്നു.

ആല്‍പ്പെര്‍ ഐഡിന്‍
ആല്‍പ്പെര്‍ ഐഡിന്‍

സമകാലിക കലയുടെ വിവിധ മാധ്യമങ്ങള്‍ ആശയ പ്രകടനത്തിനും സംവേദനത്തിനും ആധാരമാക്കുന്ന ആല്‍പ്പര്‍ ഐഡിന്‍ ഫോര്‍ട്ടുകൊച്ചി പെപ്പര്‍ ഹൗസില്‍ അവതരിപ്പിക്കുന്നത് പെന്‍സില്‍ ഡ്രോയിംഗുകളും പ്ലാസ്റ്റിക് പെയിന്റില്‍ തീര്‍ത്ത ചിത്രങ്ങള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളുമാണ്. ജന്മനാടായ ഒര്‍ദുവിലെ പല വലുപ്പത്തിലും തൂക്കത്തിലുമുളള കല്ലുകളുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷനിലുള്ളത്.

മനുഷ്യന് പ്രകൃതിയില്‍ പ്രത്യേക പദവിയോ അധികാരമോ ഇല്ലെന്ന് സമര്‍ത്ഥിക്കുകയാണ് ആല്‍പ്പെര്‍ ഐഡിന്റെ സൃഷ്ടികള്‍. ചിത്രകല, ശില്‍പം, ഇല്ലസ്‌ട്രേഷന്‍, പെര്‍ഫോമന്‍സ്, വീഡിയോ എന്നീ വിവിധ മാധ്യമങ്ങളില്‍ കലാ സൃഷ്ടികള്‍ മെനയുന്ന ഈ ലോകോത്തര കലാകാരന്റെ സൃഷ്ടികള്‍ വിവിധ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലും ബിനാലെകളിലും ഇടംപിടിച്ചിട്ടുണ്ട്.

ഭൗമ കലയില്‍ പഠനം നടത്തിയ ആല്‍പ്പര്‍ ഐഡിന്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഏഴുവര്‍ഷം കലാ വിഭാഗം പ്രൊഫസറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുഴുവൻ സമയ പരിസ്ഥിതി നിരീക്ഷണവും അതിലൂന്നിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കലാ പ്രവര്‍ത്തനവും മാത്രം.

logo
The Fourth
www.thefourthnews.in