'സിദ്ധാര്‍ഥന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ തന്നെ'; പൂക്കോട് സര്‍വകലാശാലയിലെ ദുരനുഭവം വെളിപ്പെടുത്തി പൂർവ വിദ്യാർഥി
2016 ലാണ് ഞാൻ വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ജോയിൻ ചെയ്യുന്നത്. ജോയിൻ ചെയ്യാനെത്തിയപ്പോൾ സീനിയേഴ്സ് ഞങ്ങൾക്കായുള്ള കുറേ മാർഗനിർദേശങ്ങൾ ലേഡീസ് ഹോസ്റ്റൽ ചുവരിൽ ഒട്ടിച്ചുവച്ചിരുന്നത് ഓർക്കുന്നു. പെൺകുട്ടികൾക്കായുള്ള കൃത്യമായ ഡ്രസ് കോഡുകളടക്കം അതിൽ വിവരിക്കുണ്ടായിരുന്നു. ചുരിദാർ ഇട്ട് അതിനുമുകളിൽ ഷാൾ എങ്ങനെ കുത്തിവെയ്ക്കണമെന്ന് വരെ വിവരിക്കുന്ന നിർദേശങ്ങളായിരുന്നു അതിൽ പ്രധാനമായും.
കോളേജ് റൂൾ എന്ന നിലയിൽ അതൊക്കെ ഞങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നായിരുന്നു അസിസ്റ്റന്റ് വാര്‍ഡനടക്കം അന്ന് ഞങ്ങളോട് പറഞ്ഞത്. പിന്നീട് ഷാൾ ഇടുമ്പോൾ പിൻ കുത്തിയില്ല, മാറിടം കൃത്യമായി മറയ്ക്കുന്നില്ല, അടുത്തുള്ള ടൗണിൽ ഹോസ്റ്റലിൽ ധരിക്കുന്ന വസ്ത്രം ധരിച്ചു പോകുന്നു എന്നൊക്കെ ആരോപിച്ചു ഞങ്ങളിൽ പലരെയും സീനിയേഴ്സും അസിസ്റ്റന്റ് വാര്‍ഡനും ടാർഗെറ്റ് ചെയ്യുകയുണ്ടായി.
ഇതിനെത്തുടർന്നുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് മാന്വൽ പരിശോധിച്ചപ്പോഴാണ് അങ്ങനെ ഷാൾ ഇടണമെന്നൊന്നും അതിൽ പരാമർശിച്ചിട്ടില്ലെന്ന് മനസിലായത്. മാത്രമല്ല പാന്റ്സും ഷർട്ടും ധരിക്കാൻ പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി നിയമപ്രകാരം അനുമതിയുണ്ടായിരുന്നു. പ്രതിഷേധമെന്ന നിലയിൽ ഞങ്ങൾ ഷാൾ ഇടാതെ നടന്നതും ഇവരുടെ അലിഖിത നിയമങ്ങൾക്ക് വഴങ്ങാത്തതും അസിസ്റ്റന്റ് വാർഡനെയും പല സീനിയേഴ്സിനെയും ചൊടിപ്പിച്ചു. ഇതേക്കുറിച്ച് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളോട് സംസാരിച്ചപ്പോൾ ലേഡീസ് ഹോസ്റ്റലിലെ സ്ത്രീകളെ തന്നെ കുറ്റപ്പെടുത്തി തങ്ങളുടെ ഭാഗം അവർ ക്ലിയർ ആക്കി.
ഒരു ദളിത് വിദ്യാർത്ഥിനിയുടെ മാൻ പവർ, ലിറ്ററേച്ചർ എന്നിങ്ങനെ എല്ലാം തന്നെ ചൂഷണം ചെയ്ത് അതവരുടെ കോളേജിന്റെ ലിബറൽ ഔട്ട് ലുക്ക് ഉണ്ടാക്കിയെടുക്കാൻ ഉപയോഗിച്ചുവെന്നാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നത്
ആദ്യവർഷ വിദ്യാർത്ഥികളായിരുന്നപ്പോൾ ഇടതുപക്ഷ സമ്മേളനത്തിനൊക്കെ കോളേജിൽനിന്ന് ഞങ്ങളെ എല്ലാവരെയും എസ്എഫ്ഐ ഭാരവാഹികളായ സീനിയേഴ്സ് കൊണ്ടുപോകുമായിരുന്നു. അങ്ങനെയുള്ള സമയങ്ങളിൽ ക്ലാസുകൾ സസ്‌പെൻഡഡ് ആയിരുന്നു. വളരെ കുറച്ച് അധ്യാപകർ അതിനെ എതിർത്തിരുന്നു. പക്ഷേ ആ എതിർപ്പൊന്നും എവിടെയും എത്താറില്ലായിരുന്നു. ക്ലാസ്സ് കട്ട് ചെയ്യാമെന്ന സന്തോഷത്തിൽ ബസിൽ ഒരു ടൂറിനു പോകുന്ന ആവേശത്തിൽ ഞങ്ങൾ അന്നൊക്കെ അതിനുപോയിരുന്നു. ആദ്യമൊക്കെ ഇത് നിർബന്ധിതമെന്ന മട്ടിലായിരുന്നു.
ഇതിനോടൊന്നും സഹകരിക്കാതെ നിങ്ങൾക്ക് ഇവിടെ നിലനിൽക്കാനാവില്ലെന്ന വിധത്തിലായിരുന്നു അവിടെ എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികൾ പറയാതെ പറഞ്ഞിരുന്നത്. ഇതിലൊക്കെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് അപ്പഴേ മനസിലായതാണ്. എന്നാൽ കോളേജിന്റെ ഐക്യം നിലനിർത്താനും ഒരു ചെറിയ കമ്മ്യൂണിറ്റിയെന്ന നിലയിൽ നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കാനും ഒരേയൊരു പ്രസ്ഥാനമാണ് നല്ലത് എന്നൊക്കെയുള്ള എസ്എഫ്ഐ സഖാക്കളുടെ ന്യായീകരണങ്ങളിൽ കൃത്യമായ രാഷ്ട്രീയ ബോധം രൂപപ്പെടാത്ത പ്രായത്തിൽ ഞങ്ങൾ വിശ്വസിച്ചുപോകുന്നുണ്ട്.
സത്യത്തിൽ എസ് എഫ് ഐയെന്ന പ്രസ്ഥാനം അവിടെ വിദ്യാർഥികളെ രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുകയാണ്. നിങ്ങൾ കെ എസ് യു ആണെങ്കിലും എം എസ് എഫ് ആണെങ്കിലും ഇവിടെ നിങ്ങൾ എസ് എഫ് ഐ ആണ് എന്നൊക്കെ ആദ്യ വർഷം അവർ പറയുമെങ്കിലും പഠിച്ചിറങ്ങുമ്പോഴേക്കും നമ്മളെയൊക്കെ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കാക്കി തീർക്കുകയെന്ന രീതിയിൽ കൃത്യമായ മാനിപുലേഷൻസ് അവിടെ നടക്കുന്നുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ തിരിച്ചറിയുന്നത്.
ഒന്നാം വർഷം തന്നെ മെൻസ് ഹോസ്റ്റൽ ഡേയിൽ ആധ്യാപകരെ അടക്കം സാക്ഷിനിർത്തി എന്റെ വളരെയടുത്ത സുഹൃത്തിനെ ബോഡി ഷെയിം ചെയ്തിട്ടുണ്ട്. ഇത്രേം പബ്ലിക്കായി അധ്യാപകർക്ക് മുന്നിൽ വരെ പെൺകുട്ടികളെ അപമാനിക്കാൻ മെൻസ് ഹോസ്റ്റലിന് 'സ്വാതന്ത്ര്യം' കല്പിച്ചുനൽകിയിട്ടുണ്ടെന്നത് ഞെട്ടിക്കുന്ന തിരിച്ചറിവായിരുന്നു. അന്ന് അപമാനിതയായി ക്ലാസ്സിൽ പോലും പോകാതെ ഇരുന്ന എന്റെ സുഹൃത്തിനെ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ ചേച്ചിമാരുടെ നേതൃത്വത്തിൽ വന്ന് കംപ്ലൈന്റുമായി പോകരുതെന്ന് താക്കീത് നൽകിയിരുന്നു. അതിൽ പ്രതികരിച്ചതിൽ ഞങ്ങളിൽ ചിലർ അപ്പോഴേ അവർക്ക് പ്രശ്നക്കാരികളായി മാറി.
സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണം ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചുപറയുന്നത് ആ കോളേജിലെ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ രൂപപ്പെട്ടിട്ടുള്ള സംവിധാനത്തിന്റെ അപകടം കാലങ്ങളായി പൂർണമായി അനുഭവിച്ചറിഞ്ഞാണ്
ഒരു പാട്രിയാർക്കൽ സമൂഹത്തിൽ ജീവിക്കുന്നതിനാലായിരിക്കാം മെൻസ് ഹോസ്റ്റലി (എം എച്ച്)ൽ ലേഡീസ് ഹോസ്റ്റലുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടനവധി അധിക പ്രിവിലേജുകൾ അധികാരികൾ തന്നെ അനുവദിച്ചു നൽകിയിട്ടുണ്ട്. പല വയലൻസുകളും അവരുടെ 'കുസൃതി'കൾ ആയൊക്കെയാണ് അധ്യാപകർ അടക്കം കണ്ടിരുന്നത്. എന്നാൽ ചെറിയ തെറ്റുകൾക്കുപോലും കാലങ്ങളായി അവിടെ പെൺകുട്ടികൾ ഭീകരമായ ഓഡിറ്റിങ്ങിന് വിധേയരാകേണ്ടി വരുന്നുണ്ടായിരുന്നു. (നിലവിലുണ്ടായ വിഷയത്തിൽ കോളേജ് ഡീൻ അടക്കം പറയുന്നില്ലേ... എം എച്ചിൽ മാനേജർ ഇല്ലായിരുന്നു, ട്യൂട്ടർ ഇല്ലായിരുന്നു, സെക്യൂരിറ്റി ഇല്ലായിരുന്നു, കുഴപ്പങ്ങൾ ഒന്നുമില്ലാത്ത ഹോസ്റ്റൽ ആയതുകൊണ്ട് ആവശ്യം തോന്നിയില്ല എന്നൊക്കെ... ഇത്തരം സർവൈലൻസ് ഒന്നും ഇല്ലാതെ അവർ എന്താടിസ്ഥാനത്തിലാണ് അവിടെ കുഴപ്പങ്ങളുണ്ടായിട്ടില്ലെന്ന് പറയുന്നത്?!)
റാഗിങ് ഒക്കെ സീനിയേഴ്സിന്റെ കരുതലായാണ് അവിടെ അറിയപ്പെട്ടിരുന്നത്. സിസ്റ്റം ലംഘിക്കുന്ന പെൺകുട്ടികളെ ഒന്ന് 'നന്നാക്കാൻ' ഉള്ള വഴി കൂടിയാണ് അവർക്ക് റാഗിങ്. അസിസ്റ്റന്റ് വാർഡന്റെ അടക്കം സമ്മതത്തോടെയാണ് റൂമുകളിലേക്ക് വിളിച്ചുള്ള റാഗിങ് നടന്നുകൊണ്ടിരുന്നത്. എം എച്ചിൽ ഇതിനേക്കാൾ ഭീകരമാണ് റാഗിങ്ങെന്നാണ് കേട്ടിട്ടുള്ളത്. ഇതിനു പ്രധാന കാരണം പൂർവ വിദ്യാർത്ഥികൾക്ക് അവിടെ പ്രവേശിക്കുന്നതിൽ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് കൂടിയായിരുന്നു. തങ്ങൾക്കുണ്ടായ അനുഭങ്ങൾ ഒരു ടോക്സിക് സൈക്കിൾ പോലെ തങ്ങളുടെ ജൂനിയേഴ്സിലേക്കും പകർന്നു കൊടുക്കാൻ തന്നെയാണ് പല അലൂമിനികളും ഹോസ്റ്റലുകളിൽ വ്യവഹാരം നടത്തിയിരുന്നത്. എസ് എഫ് ഐയുടെ ഏകാധിപത്യത്തിലേക്ക് ആ കോളജിനെ രൂപപ്പെടുത്തുന്നതിലും അതിനെ അങ്ങനെ തന്നെ നിലനിർത്തുന്നതിലും അലൂമിനികളുടെ പങ്ക് വളരെ വലുതാണ്.
എന്നെയും എന്റെ സുഹൃത്തുക്കളെയും സംബന്ധിച്ച് മറ്റു പല പ്രശ്നങ്ങളും അസിസ്റ്റന്റ് വാർഡനും മേട്രണുമായൊക്കെ നടക്കുന്നുണ്ട്. ഹോസ്റ്റൽ കർഫ്യൂവുമായി ബന്ധപ്പെട്ടും അനാവശ്യമായി പെൺകുട്ടികളുടെ വീടുകളിലേക്ക് പലതും വിളിച്ചുപറയുന്നതും ഒക്കെ ഉൾപ്പെടെ. അന്ന് ഞങ്ങൾ വിചാരിച്ചിരുന്നത് ഇതൊക്കെ എല്ലാ ക്യാംപസിലും ഉണ്ടാകുന്നതായിരിക്കുമെന്നാണ്.
പിന്നീട് റിസർവേഷൻ കാറ്റഗറിയിൽ വരുന്ന ഞാൻ അടക്കമുള്ള വിദ്യാർത്ഥിനികൾ ഹോസ്റ്റൽ മെസ് ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു ചില പ്രശ്നങ്ങളുമുണ്ടാകുന്നു. എസ് സി -എസ് ടി വിദ്യാർഥികൾ മെസ് ബില്ല് അടയ്‌ക്കേണ്ട ആവശ്യം ഇല്ല. എന്നാൽ ഹോസ്റ്റലിന്റെ സുതാര്യമായ നടത്തിപ്പിനായി ഞങ്ങളെ കൊണ്ട് മെസ് ബിൽ അടപ്പിക്കുമായിരുന്നു. റീഫണ്ട് ലഭിക്കാൻ വൈകിയപ്പോഴാണ് ഞങ്ങൾ ഇതൊരു പ്രശ്നമായി ഉന്നയിക്കുന്നത്. അന്നത്തെ മെസ്സ് സെക്രട്ടറി 'നിഷ്കളങ്കമായി' അതിന് മറുപടി പറഞ്ഞത് റിസേർവഷനിൽ വരുന്ന കുട്ടികൾ മറ്റുള്ളവരേക്കാൾ എക്സ്ട്രാ ഒക്കെ എടുക്കുന്നുണ്ടെന്നും ആ സ്ഥിതിക്ക് മെസ്സ് ബിൽ കൂടെ അടയ്ക്കാതിരുന്നാൽ മെസ്സ് കടത്തിലാകുമെന്നുമാണ്. മറ്റു സർക്കാർ ഹോസ്റ്റലുകളിലും ഇങ്ങനെയാണെന്നും ഇതിൽ ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡന് തീരുമാനമെടുക്കാമെന്നുമുള്ള ന്യായീകരണങ്ങളാണ് അന്ന് ഞങ്ങൾ കേട്ടത്. പാട്രിയാർക്കിയുടെ കോമൺ വിക്ടിംസ് എന്ന നിലയിൽ ഞങ്ങൾ നോക്കിക്കണ്ട ലേഡീസ് ഹോസ്റ്റലിൽ പോലും ഞങ്ങൾ 'അപരർ' ആണെന്ന തിരിച്ചറിവുണ്ടാകുന്ന ഒരു സന്ദർഭമിതാണ്.
ഇതൊന്നും ഒരു പ്രശ്നമായി ഉന്നയിക്കാൻ എസ് എഫ് ഐ എന്ന കോളേജിലെ ഒരേ ഒരു വിദ്യാർത്ഥി പ്രസ്ഥാനം അപ്പോഴും ഞങ്ങൾക്കൊപ്പം നിന്നിട്ടില്ല. ഞാൻ ഇത്രയൊക്കെ പറഞ്ഞത് ഞാനുൾപ്പെടുന്ന വളരെ ചെറിയ ഒരു സർക്കിളിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ഇതൊന്നുമല്ലാതെ ഒരുപാട് പേർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറിയാം.
മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ സംഭവിക്കുമ്പോളും ആ ക്യാമ്പസ്സിൽ ഞാൻ എവിടൊക്കെയോ ബിലോങ്ങ് ചെയ്യുന്നുണ്ടെന്ന് തന്നെയാണ് വിശ്വസിക്കാൻ ശ്രമിച്ചത്. റിബൽ കളിച്ചുനടക്കാതെ കളക്ടീവായ ഒരു മാറ്റത്തിനായി പരിശ്രമിക്കണമെന്ന ആ കോളേജിലെ തന്നെ പല പുരോഗമന സിംഹങ്ങളുടെയും ഉപദേശത്തിൽ കൺഫ്യൂസ്ഡ് ആയി അത്തരം ശ്രമം ഞാനും സുഹൃത്തുക്കളും നടത്തുന്നുണ്ട്. അങ്ങനെയാണ് രണ്ടാം വർഷം 'കുളിപ്രത്യയം' എന്ന കോളേജ് മാഗസിനിൽ കുറിപ്പുകൾ എഴുതി നൽകുന്നതും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നതും. ആ വർഷത്തെ മനോരമ എഡിറ്റേഴ്സ് ട്രോഫി ആ മാഗസിന് ലഭിക്കുന്നുണ്ട്.
കോളേജിലെ മൂന്നാം വർഷത്തിലാണ് ഞാനും എന്റെ അടുത്ത സുഹൃത്ത് ജീവയും ഞങ്ങളുടെ സീനിയേഴ്സിന്റെ ഓൾ ഇന്ത്യ ടൂറിൽ അവരെ അനുഗമിക്കാൻ ഗോവയ്ക്ക് പോകുന്നത്. കാലങ്ങളായി കോളേജിൽ ജൂനിയർ ചെക്കന്മാർ സീനിയർസിന്റെ ടൂറിൽ ഇങ്ങനെ പോകാറുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു കാര്യം ഞങ്ങൾക്കടുപ്പമുള്ള ചില സീനിയേഴ്സ് പെൺകുട്ടികൾ പറഞ്ഞപ്പോൾ ഞങ്ങൾ മറിച്ചൊന്നും ആലോചിച്ചും ഇല്ല. ടൂറിൽ ടീച്ചേർസ് ഒക്കെ വളരെ 'കൂൾ' ആണ് എന്നവർ വിളിച്ചറിയിക്കുന്നുമുണ്ട്. ഈ ഒരു യാത്രയോടെയാണ് ആ കോളേജിന്റെ അപരവൽക്കരണത്തിന്റെ തീവ്രത ഞങ്ങൾ ശരിക്കും അറിയുന്നത്.
ഞങ്ങളുടെ ബാച്ചിലെ തന്നെ ആൺകുട്ടികൾ ആ ടൂറിന് എത്തിയിട്ടും നടപടിയെടുത്തത് ഞങ്ങൾക്കെതിരെ മാത്രമായിരുന്നു. ഞങ്ങളുടെ വീടുകളിൽ വിവരം അറിയിച്ചു. ലേഡീസ് ഹോസ്റ്റലിൽ ജനറൽ ബോഡി വിളിച്ച് അസിസ്റ്റന്റ് വാർഡൻ ഞങ്ങൾ സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നൊക്കെയുള്ള രീതിയിൽ പരസ്യമായി സംസാരിക്കുന്നു. മറ്റൊരു ബാച്ചിന്റെ ടൂറിന് വന്നു, അവരുടെ ഫെസിലിറ്റി ഉപയോഗിച്ചു എന്നൊക്കെ പറഞ്ഞായിരുന്നു ആദ്യം നടപടി. അങ്ങനെയെങ്കിൽ അവിടെ വന്ന ആണുങ്ങളുടെ മേൽ അടക്കം നടപടി എടുക്കേണ്ടതല്ലേയെന്ന ഞങ്ങളുടെ ചോദ്യത്തിന് അവർക്കെതിരെയും നടപടിയുണ്ടാവുമെന്ന് പറഞ്ഞു.
എന്നാൽ പിന്നീട് കോളേജ് അധികൃതർ ഞങ്ങൾക്കെതിരെ മാത്രം എൻക്വയറി കമ്മിറ്റി ഫോം ചെയ്ത് അന്വേഷണത്തിന് ഉത്തരവിടുന്നു. അന്വേഷിക്കുമ്പോൾ ഞങ്ങൾക്കുമേലുള്ള കുറ്റം മൂവ്മെന്റ് രജിസ്റ്ററിൽ ആലപ്പുഴയെന്നത് വെട്ടി ഗോവ എന്ന് തിരുത്തിയതാണ് പ്രശ്നം എന്നായി. ഹോസ്റ്റൽ റെക്കോർഡ്സ് തിരുത്തി എന്ന 'വലിയ നിയമ ലംഘന'ത്തിന്റെ പേരിലാണ് ഞങ്ങൾക്കെതിരെ ഇങ്ങനെയൊരു അന്വേഷണം. അതുവരെ മൂവ്മെന്റ് രജിസ്റ്റർ എന്ന് കേട്ടിട്ടുപോലും ഇല്ലാത്ത എം എച്ചിൽ അങ്ങനെയൊരു റെക്കോർഡുണ്ടെന്നും ഞങ്ങൾ കൃത്യമായി അതിൽ എഴുതാറുണ്ടെന്നും സുഹൃത്ത് കൂടിയായിരുന്ന എസ് എഫ് ഐ നേതാവ് മുഖത്തുനോക്കി കള്ളം പറയുന്നു (പലപ്പോഴും കാഷ്വൽ ആയ സംസാരത്തിൽ ക്ലാസ്സിലെ ആൺകുട്ടികൾ തന്നെ എം എച്ചിൽ മൂവ്മെന്റ് രജിസ്റ്റർ ഇല്ലെന്ന് പറഞ്ഞിരുന്നു).
ഇടത് അധ്യാപക യൂണിയൻ ഭാരവാഹി കൂടിയായ അസിസ്റ്റന്റ് വാര്‍ഡന്റെ പക്ഷത്താണെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ എസ് എഫ് ഐ യൂണിറ്റ്. അസിസ്റ്റന്റ് വാര്‍ഡനോട് മാപ്പ് പറഞ്ഞാൽ സംഭവം ഒതുക്കാമെന്നൊക്കെയുള്ള ഓഫറുകളുമായി എസ് എഫ് ഐക്കാർ പലപ്പോഴായി ഞങ്ങളെ സമീപിച്ചിരുന്നു.
വീട്ടുകാരെ ഒക്കെ വിളിച്ചുവരുത്തി അവരെ കൊണ്ട് സമ്മർദം ചെലുത്തി മാപ്പ് പറയിക്കാൻ വരെ ശ്രമങ്ങൾ ഉണ്ടായി. ഞങ്ങളെ പാരെന്റ്സ് മീറ്റിങ് വിളിച്ചു അനൗദ്യോഗികമായി സസ്‌പെൻഡ് ചെയുന്ന നടപടി ക്രമങ്ങളിലേക്കുപോലും അന്ന് കോളേജ് അധികൃതർ കടക്കുന്നുണ്ട്. വഴങ്ങാതെ ഞങ്ങൾ ഞങ്ങളുടെ സോഷ്യൽ മീഡിയ വഴി സംഭവങ്ങൾ പുറത്തെത്തിക്കാൻ ശ്രമിച്ചിരുന്നു. അസിസ്റ്റന്റ് വാര്‍ഡന്റെ ചെയ്തികൾ അവരുടെ പേരെടുത്തു പറഞ്ഞുകൊണ്ട് തന്നെ ഉന്നയിച്ചതിനു അവർ ഞങ്ങൾക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുന്നു. അതേത്തതുടർന്ന് വൈത്തിരി പോലീസ് രണ്ട് വട്ടം ഞങ്ങളെ തിരക്കി ലേഡീസ് ഹോസ്റ്റലിൽ വന്നു.
അപകീർത്തി വകുപ്പൊന്നും ചുമത്താൻ കഴിയാത്തതിനാൽ അസിസ്റ്റന്റ് വാർഡൻ അവർക്ക് പരിചയമുള്ള അന്നത്തെ കൽപ്പറ്റ ഡിവൈ എസ് പിയെ കൊണ്ട് ഞങ്ങളെ ഡിവൈ എസ് പി ഓഫീസിലേക്ക് വിളിപ്പിക്കുന്നു. ഒരു വനിതാ പോലീസിന്റെയും സാന്നിധ്യമില്ലാതെ ഞങ്ങളെ അന്നവിടെ ആ പോലീസുകാരൻ ഭീഷണിപ്പെടുത്തുന്നു. വനിതാ പോലീസ് ഇല്ലെന്ന് എടുത്തുപറയാൻ കാരണം ഇവരുടെയൊക്കെ നിയമലംഘനങ്ങൾ എടുത്തുകാണിക്കാൻ കൂടിയാണ്.
ഇതിനൊക്കെയിടയിൽ ഞങ്ങൾ പറയുന്നതൊക്കെ ഇൻവാലിഡാക്കി എസ് എഫ് ഐക്കാർ പരസ്യമായി അവരുടെ ഫേസ്ബുക് പേജിൽ അടക്കം പ്രസ്താവനകൾ ഇറക്കുന്നു. കോളജിലെ അധ്യാപകരും കോളേജും മോശമാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നവരെ തള്ളിപ്പറയുന്നതായും ഞങ്ങൾ വളരെ ഐക്യത്തിലാണ് ഇവിടെ കഴിയുന്നതെന്നുമൊക്കെയായിരുന്നു പ്രസ്താവനയിൽ. സെൻസേഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'കുളിപ്രത്യയം' എന്ന മാഗസിൻ വരെ ഇറങ്ങിയ കോളേജാണെന്നും അതൊക്കെ അംഗീകരിച്ച അധ്യാപകരാണ് ഇവിടുത്തേത് എന്നൊക്കെ അവർ പ്രസ്താവനയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആ മാഗസിനിൽ സുപ്രധാനമായ കുറിപ്പുകളടക്കം എഴുതിയ ഒരാളായിരുന്നിട്ടും ആ മാഗസിന്റെ നിർമിതിക്ക് ഞാൻ നൽകിയ അധ്വാനവും അറിയുന്ന മാഗസിൻ എഡിറ്റർ പോലും അതുകണ്ട് നിശബ്ദനായിരുന്നുവെന്നത് വല്ലാത്ത ഷോക്കായിരുന്നു. ഒരു ദളിത് വിദ്യാർത്ഥിനിയുടെ മാൻ പവർ, ലിറ്ററേച്ചർ എന്നിങ്ങനെ എല്ലാം തന്നെ ചൂഷണം ചെയ്ത് അതവരുടെ കോളേജിന്റെ ലിബറൽ ഔട്ട് ലുക്ക് ഉണ്ടാക്കി എടുക്കാൻ ഉപയോഗിച്ചുവെന്നാണ് ആ വിഷയത്തിൽ ഞാനിപ്പോൾ മനസ്സിലാക്കുന്നത്.
എല്ലാ തരത്തിലും ആ കോളേജ് ഞങ്ങളെ അവരുടെ സംവിധാനങ്ങളിൽനിന്നും എളുപ്പം പുറത്താക്കിയിരുന്നു. അവർ കോളേജ് അവർ പ്രൈഡ് എന്ന ഹാഷ്ടാഗിൽ അവിടുത്തെ വിദ്യാർത്ഥികൾ തന്നെ നീതിക്കായുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളുടെയും ഇൻഗ്രിറ്റി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. റിസേർവഷനിൽ വന്ന വിദ്യാർത്ഥികൾ ആയതിനാൽ ഞങ്ങളെ അപരവൽക്കരിക്കാൻ അവർക്ക് എളുപ്പമായിരുന്നു.
കോളേജ് അധികാരികളുടെയും പോലീസിന്റെയും ഒക്കെ നിയമലംഘനങ്ങളും ഞങ്ങൾക്കെതിരെയുണ്ടായ നീതിയുക്തമല്ലാത്ത ഇടപെടലുകളും വിവരിച്ചുകൊണ്ട് ഞങ്ങൾ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. കമ്മിഷൻ റിപ്പോർട്ട് തേടിയപ്പോൾ കോളേജ് അധികൃതർ അസിസ്റ്റന്റ് വാർഡന് അനുകൂലമായി നിന്ന് കോളേജിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചു. വൈത്തിരി പോലീസിന്റെ റിപ്പോർട്ടിൽ അവർ വനിതാ പോലീസുമായാണ് അന്ന് ഹോസ്റ്റലിൽ വന്നു എന്നടക്കം കള്ളങ്ങളുണ്ടായിരുന്നു. ഡിവൈ എസ് പി ഓഫീസിലെ വിശദീകരണം ലേഡീസ് ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡന്റെ 'സാന്നിധ്യത്തിൽ' ആയിരുന്നു അതുകൊണ്ടാണ് വനിതാ പോലീസ് ഇല്ലാതിരുന്നത് എന്നാണ്. ഞങ്ങൾ പ്രശ്നക്കാരികളായ വിദ്യാർത്ഥികളാണ് എന്നുവരെ കോളേജ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇങ്ങനെയൊക്കെ ഘട്ടംഘട്ടമായി പല വിധത്തിലുള്ള അനീതികളിലൂടെ ആ ക്യാമ്പസ്സിൽ ഞങ്ങൾ കടന്നുപോയിരുന്നു. ഒരിക്കലും റിക്കവർ ആകാനാകാത്ത വിധം ട്രോമകൾ ഈ അനുഭവങ്ങൾ ഞങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. അനുഭവിച്ച തീവ്രതയിൽ പലതും എഴുതാനും പറയാനും ഇപ്പോഴും സാധിക്കുന്നില്ല.
ഞാൻ ആ കോളേജിൽനിന്ന് പഠിച്ചിറങ്ങിയിട്ട് ഒന്നര വർഷം ആകുന്നതേയുള്ളൂ. നിലവിൽ ആ കോളേജിൽ ഉണ്ടായ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണം ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചുപറയുന്നത് ആ കോളേജിലെ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ രൂപപ്പെട്ടിട്ടുള്ള സംവിധാത്തിന്റെ അപകടം കാലങ്ങളായി പൂർണമായി അനുഭവിച്ചറിഞ്ഞിട്ട് തന്നെയാണ്. കാലങ്ങളിലായി ആ കോളേജിൽ നിലനിൽക്കുന്ന എസ്എഫ്ഐ യുടെ ജാതിയതയിലും മച്ചോ പുരുഷ സങ്കല്പപ്പത്തിലും ഊന്നിയ ഏകാധിപത്യ രാഷ്ട്രീയം തന്നെയാണ് ഒപ്പമുള്ളവനുമേൽ എന്ത് വയലൻസും ചെയ്യാൻ തയാറാകുന്ന കാശിനാഥന്മാരെയും സിന്റോ ജോൺസണെയും ഒക്കെയുണ്ടാക്കുന്നത്. സ്ത്രീവിരുദ്ധ ആരോപിച്ചുള്ള ഇത്തരം കടന്നുകയറ്റം ഇവരുടെ മസ്കുലിൻ സങ്കല്പങ്ങൾക്ക് വെളിയിൽ നിൽക്കുന്ന കീഴാള പുരുഷ ശരീരങ്ങൾക്ക് മേൽ മാത്രം നടക്കുന്നത്, സിദ്ധാർഥിന്റെ അച്ഛൻ സൂചിപ്പിക്കുന്നതുപോലെ ഇതിനൊക്കെ പുറകിൽ കൃത്യമായി ജാതി വർക്ക് ചെയ്യുന്നതുകൊണ്ട് തന്നെയാണ്. ഞങ്ങളുടെ അനുഭവങ്ങളും ഇതൊക്കെ മനസിലാക്കാൻ എന്നെ പ്രാപ്തമാക്കിയിട്ടുണ്ട്.
ഇതൊക്കെ ഉന്നയിക്കുമ്പോൾ, തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഒരു പറ്റം മനുഷ്യർ ഷെയർ ചെയ്യുമ്പോൾ 'നിഷ്കളങ്കമായി' ഇതൊന്നും രാഷ്ട്രീയ വൽക്കരിക്കരുതേയെന്ന് പറയുന്ന വിദ്യാർത്ഥികളോട് എനിക്ക് പറയാനുള്ളത്, ഒരിക്കൽ പോലും ആ കോളേജിൽ അരികുവൽക്കരിക്കപ്പെടാത്തതുകൊണ്ടാണ് വളരെ സൂപ്പർഫിഷ്യൽ ആയി ഇപ്പോഴും കാര്യങ്ങളെ നിങ്ങൾ നോക്കിക്കാണുന്നത്...അത്തരം നയങ്ങൾ സ്വീകരിക്കാൻ കഴിയുന്നത്... പലതിനോടും സെൻസിബിൾ ആകാൻ സാധിക്കാത്തത് എന്നാണ്. എല്ലാവർക്കും ഒരേ അനുഭവങ്ങൾ ആയിരിക്കില്ലല്ലോ? എന്റെ അനുഭവങ്ങളിൽനിന്ന് ഞാൻ മനസിലാക്കിയിട്ടുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
പലതരം അനീതികളിലൂടെ, ഒറ്റപ്പെടലിലൂടെ കടന്നുപോയ ഒരാളെന്ന നിലയിൽ സിദ്ധാർഥനോടും അവന്റെ വീട്ടുകാരോടുമുള്ള ഐക്യദാർഢ്യമെന്ന നിലയിൽ ഇതൊക്കെ ഇപ്പോൾ ഇവിടെ പറഞ്ഞുവെക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. പ്രത്യേകിച്ച്, കോളേജിനെയും അവിടുത്തെ അധികാരികളെയും എസ് എഫ് ഐയെയുമൊക്കെ വെള്ളപൂശാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നത് കൊണ്ട്.