അസ്ഫാക്കിന് നേരെ ശക്തമായ ജനരോഷം; തെളിവെടുപ്പിനെത്തിച്ചത് കനത്ത സുരക്ഷാവലയത്തിൽ

അസ്ഫാക്കിന് നേരെ ശക്തമായ ജനരോഷം; തെളിവെടുപ്പിനെത്തിച്ചത് കനത്ത സുരക്ഷാവലയത്തിൽ

പ്രതി താമസിച്ചിരുന്ന വീട്ടിലും തെളിവെടുപ്പ് നടത്തി
Updated on
1 min read

ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്കുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. മൂന്ന് സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. ജനരോഷം ശക്തമായതിനാൽ കനത്ത സുരക്ഷാ വലയത്തിലാണ് അസ്ഫാക്കിനെ എത്തിച്ചത്.

പ്രതി കുട്ടിയെ എത്തിച്ച ആലുവ മാർക്കറ്റിലായിരുന്നു ആദ്യം തെളിവെടുപ്പ്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മാർക്കറ്റിന്റെ പിൻഭാഗത്താണ് ആദ്യം എത്തിച്ചത്. മാർക്കറ്റിലെ കടയിലും പ്രതിയെ കൊണ്ടുവന്നു. കുട്ടിയുമായി അസ്ഫാക് പോയ വഴിയിലൂടെ തന്നെയായിരുന്നു തെളിവെടുപ്പും.

രണ്ടാംഘട്ടമായി പ്രതിയുടെ താമസ സ്ഥലത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതിയെ എത്തിച്ചപ്പോൾ കുട്ടിയുടെ അമ്മ ഓടിയടുത്തെങ്കിലും സമീപത്തുള്ളവർ ചേർന്ന് പിടിച്ചുമാറ്റി. വീട്ടിലെ തെളിവെടുപ്പിന് ശേഷം അസ്ഫാക് കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയ കടയിലുമെത്തിച്ചു. ശക്തമായ ജനരോഷം ഉയർന്നെങ്കിലും പോലീസ് ഇടപെട്ട് ക്രമസമാധാനം പുനഃസ്ഥാപിച്ചു. പ്രതിയെ കൊണ്ടുപോകുന്നിടത്തെല്ലാം ജനങ്ങൾ തടിച്ചുകൂടിയിരുന്നു.

ചോദ്യം ചെയ്യലില്‍ ആദ്യ മൂന്ന് ദിവസങ്ങിളിലൊന്നും കൃത്യമായി പ്രതികരിക്കാതിരുന്ന പ്രതി പിന്നീടാണ് അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തുടങ്ങിയത്. കൊലപാതകം, ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെ 14 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ അടുത്തദിവസം തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസ് നീക്കം നടത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സാധിച്ചിരുന്നില്ല.

ജൂലൈ 28ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അഫ്‌സാക് കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് കുട്ടിയെ ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി 10 മണിയോടെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും മദ്യലഹരിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവരെയും മാര്‍ക്കറ്റില്‍ വച്ച് കണ്ടെന്ന ഒരു ചുമട്ടുതൊഴിലാളിയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in