അമല്‍ ജ്യോതി കോളേജിന് പോലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി ഇടക്കാല ഉത്തരവ്
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. പ്രവേശന സമയമായതിനാൽ അഡ്മിഷൻ നടപടിക്ക് തടസമുണ്ടാകരുതെന്ന് കോടതി നിർദേശം നൽകി. കോളജ് ആവശ്യപ്പെട്ടില്ലെങ്കിലും സുരക്ഷയൊരുക്കാൻ പോലീസിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. 90ൽ അധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തിങ്കളാഴ്ച മുതൽ കോളജ് തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ഥിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. ഹർജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി. എതിർകക്ഷികളായ രാഷ്ട്രീയ - യുവജന സംഘടനകൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു.
ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് എസ്എഫ്ഐ, കെഎസ്‌യു, എസ്ഡിപിഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിയമം ലംഘിച്ച് നടക്കുന്ന പ്രതിഷേധം മൂലം കോളജ് പ്രവർത്തനം തടസപ്പെട്ടതായി ചൂണ്ടിക്കാട്ടി കോളേജ് മാനേജ്മെന്റും മാനേജർ ഫാ. ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.
ജൂൺ രണ്ടിനുണ്ടായ സംഭവത്തിന്റെ പേരിൽ എ ഗ്രേഡ് നാക് അക്രഡിറ്റേഷനുള്ള കോളജിന് മുന്നിൽ അക്രമ സമരം നടക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട യാഥാർഥ്യം അറിയാൻ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് മാനേജ്മെന്റ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഘടനകളുടെ തേൃത്വത്തിൽ ഗേറ്റിന് മുന്നിൽ തുടർച്ചയായി നടക്കുന്ന പ്രതിഷേധം അക്രമത്തിനിടയാക്കുന്നതും നിയമവിരുദ്ധവും അനാവശ്യവുമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരും അധ്യാപകരുമടക്കമുള്ളവർ അകത്തേക്കോ പുറത്തേക്കോ കടക്കാനാവാതെ തടങ്കലിലായ അവസ്ഥയിലും ഭയാശങ്കയിലുമാണ്. കോളജിന്റെ പ്രവർത്തനം സുഗമമായി നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. നിലവിലെ അവസ്ഥയിൽ തുടരാനാകാത്തതിനാൽ കോളേജ് അടച്ചിട്ടിരിക്കുകയാണ്. പുതിയ അധ്യയന വർഷത്തിലെ പ്രവേശന നടപടികളേയും പരീക്ഷാ നടത്തിപ്പുകളേയും ഇത് ബാധിക്കും. ഈ സാഹചര്യത്തിൽ മതിയായ പോലീസ് സംരക്ഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.