തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ അമലാപോളിന് പ്രവേശനം നിഷേധിച്ചു; ഇക്കാലത്തും വിവേചനമോ എന്ന് അമല

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ അമലാപോളിന് പ്രവേശനം നിഷേധിച്ചു; ഇക്കാലത്തും വിവേചനമോ എന്ന് അമല

അഹിന്ദുക്കളെ കയറ്റില്ലെന്നും, ക്ഷേത്രാചാരങ്ങൾ പാലിക്കാൻ കമ്മിറ്റി ബാധ്യസ്ഥരെന്നും ഭാരവാഹികൾ
Updated on
1 min read

ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ നടി അമല പോളിന് പ്രവേശനം നിഷേധിച്ചു. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നടിയെ ക്ഷേത്ര ഭാരവാഹികള്‍ തിരിച്ചയക്കുകയായിരുന്നു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അമലാ പോളിനെ തടഞ്ഞത്. 2023 ലും ഇത്തരത്തിലുള്ള മത വിവേചനം നിലനില്‍ക്കുന്നതില്‍ സങ്കടവും നിരാശയുമുണ്ടെന്ന് സന്ദര്‍ശക ഡയറിയില്‍ കുറിച്ചുകൊണ്ടാണ് അമല പോള്‍ മടങ്ങിയത്. ക്ഷേത്രത്തിന് അകത്തു കയറാൻ പറ്റാത്തതിനാൽ പുറത്തു നിന്ന് ദർശനം നടത്തി തിരികെ പോരുകയായിരുന്നു അമല പോൾ.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അമല ക്ഷേത്രത്തിലെത്തിയത്. അവിടുത്തെ വിശ്വാസ പ്രകാരം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. വരുന്ന കാര്യം നടി മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ വരവ് ഒഴിവാക്കാമായിരുന്നു എന്നും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ ദ ഫോർത്തിനോട് പറഞ്ഞു.

"ദർശനത്തിനു അവസരമുണ്ടോ എന്ന് അവർ നേരത്തെ വിളിച്ച് ചോദിച്ചിരുന്നില്ല. ഇവിടെ എത്തി കഴിഞ്ഞപ്പോൾ വിവരം പറയുകയും അവർക്കത് ബോധ്യപ്പെടുകയും ചെയ്തു. മതിൽക്കെട്ടിനു പുറത്തു നിന്ന് ദേവിയെ ദർശിച്ച ശേഷം ഞങ്ങളുടെ അടുത്തെത്തി പ്രസാദവും വാങ്ങിയാണ് അവർ മടങ്ങിയത്", പ്രസൂൺ വ്യക്തമാക്കി. ക്ഷേത്രത്തിനു കീഴിലുള്ള ട്രസ്റ്റിൽ 21 അംഗങ്ങളാണുള്ളത്. ആചാരങ്ങൾ പാലിക്കപ്പെടാൻ കമ്മറ്റിയിലുള്ളവർ ബാധ്യസ്ഥരാണ്. തന്ത്രിയുടെ അനുമതി ഇല്ലാതെ ആചാരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും പ്രസൂൺ കുമാർ പറഞ്ഞു.

അതേസമയം ക്ഷേത്രത്തിൽ അമലാ പോളിന് ദർശനം അനുവദിക്കണമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി പ്രതികരിച്ചു. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നൽകുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആർ വി ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആചാര്യൻമാർ ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in