കെഎസ്ഇബിക്ക് എഐ ക്യാമറ വക 'ഷോക്ക്'; തോട്ടി കൊണ്ടുപോയ ജീപ്പിന് 20,500 രൂപ പിഴ
എഐ ക്യാമറയിൽ കുടുങ്ങി കെഎസ്ഇബിയുടെ ജീപ്പും. തോട്ടിയുമായി പോയ അമ്പലവയല്‍ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ടത് 20,500 രൂപ. തോട്ടി കയറ്റിയതിന് 20,000 രൂപയും സീറ്റ് ബെല്‍ട്ട് ഇല്ലാത്തതിന് 500 രൂപയുമാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
മോട്ടാര്‍ വാഹന വകുപ്പുമായി കെഎസ്ഇബി ബന്ധപ്പെട്ടതോടെ തോട്ടികയറ്റിയതിനുള്ള പിഴ 20,000 രൂപ ഒഴിവാക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള 500 രൂപ പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
വൈദ്യുത ലൈനുകള്‍ക്ക് അടുത്ത് അപകടകരമാം വിധം വളര്‍ന്നിരിക്കുന്ന മരക്കൊമ്പുകള്‍ നീക്കം ചെയ്യുന്നതിനും മറ്റും തോട്ടി ജീപ്പിനു മുകളിൽ വച്ചാണ് കെഎസ്ഇബി ജീവനക്കാർ കൊണ്ടുപോകാറുള്ളത്. പോസ്റ്റുകളടക്കം കൊണ്ടുപോകേണ്ടതിനാല്‍ ഇനിയും ഇത്തരത്തില്‍ എഐ ക്യാമറയില്‍ കുടുങ്ങുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കെഎസ്ഇബിക്കായി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളിലാണ് സാധനങ്ങള്‍ കൊണ്ടുപോകാറുള്ളത്. ഇനിയും പിഴ ചുമത്തുകയാണെങ്കില്‍ കരാര്‍ വാഹനങ്ങള്‍ വരാന്‍ വിസമ്മതിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. ഇത് കേരളത്തിലെ എല്ലാ സെക്ഷനിലും കെഎസ്ഇബി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്നും, പോസ്റ്റും മറ്റും കൊണ്ടുപോകാന്‍ മറ്റൊരു വാഹനം വിളിച്ചാല്‍ പോലും പുറത്തേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ ഇതേ പ്രശ്‌നം നിലനില്‍ക്കുമെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.
നിലവില്‍ സാധനങ്ങള്‍ കൊണ്ടുപോയതിന് ചുമത്തിയ പിഴ ഒഴിവാക്കുന്ന നടപടി മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശ്വാശ്വത പരിഹാരത്തിനായി മോട്ടാര്‍വാഹന വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി.