കരുവന്നൂർ ബാങ്കിൽ നിന്ന് നാളെ മുതൽ നിക്ഷേപങ്ങൾ പിൻവലിക്കാം
നാളെ മുതൽ കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാം. 50000 രൂപ മുതൽ 100000 രൂപവരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളായിരിക്കും തിരികെ നൽകുക. നവംബർ 11 മുതൽ 50000 രൂപവരെയുള്ള സ്ഥിരനിക്ഷേപങ്ങളും പിൻവലിക്കാൻ സാധിക്കും. 23688 സേവിങ്സ് നിക്ഷേപകരിൽ 21190 പേർക്ക് നവംബർ ഒന്നുമുതൽ പൂർണ്ണമായും ബാക്കിയുള്ളവർക്ക് ഭാഗികമായും പണം പിൻവലിക്കാൻ സാധിക്കുമെന്നാണ് ബാങ്ക് അറിയിച്ചത്.
ബാങ്കിന് പലിശയടക്കം തിരിച്ചടവായി ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. അതിൽ 80 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. 8049 സ്ഥിരനിക്ഷേപകരിൽ ഇപ്പോൾ 3770 പേർക്കായിരിക്കും പലിശയും നിക്ഷേപവും പൂർണമായും തിരികെ ലഭിക്കുക. 134 കോടി വരുന്ന സ്ഥിരനിക്ഷേപത്തിൽ 79 കോടിരൂപ ഉടൻ തിരികെ നൽകും.
കരുവന്നൂർ ബാങ്ക് തട്ടിപ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈയാഴ്ച്ച കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കാനിരിക്കെയാണ് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതായി ബാങ്ക് അറിയിക്കുന്നത്. 60 ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് സമർപ്പിച്ചില്ലെങ്കിൽ പ്രതികളായ പി സതീഷ് കുമാറിനും പി പി കിരണിനും ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഇ ഡി അടുത്തയാഴ്ച കൊച്ചി പി എം എൽ എ കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കുമെന്ന വാർത്ത വരുന്നത്.
സെപ്റ്റംബർ നാലിനാണ് കേസിലെ പ്രധാന പ്രതികളായ പി സതീഷ്കുമാറും പി പി കിരണും അറസ്റ്റ് ചെയ്യപ്പെടുന്നത്. 60 ദിവസമാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിക്കാൻ കോടതി അനുവദിച്ചിരുന്നത്. എന്നാൽ അതിനിടയിൽ സെപ്റ്റംബർ 26ന് സി പി എം നേതാവ് പി ആർ അരവിന്ദാക്ഷനും കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റും അറസ്റ്റിലായി. നവംബർ ആദ്യ ആഴ്ചയിൽ ചാർജ് ഷീറ്റ് സമർപ്പിക്കപ്പെട്ടില്ലെങ്കിൽ സ്വാഭാവികമായും പി സതീഷ് കുമാറിനും പി പി കിരണിനും ജാമ്യം ലഭിക്കും. നിരവധി അനിശ്ചിതത്വങ്ങൾക്കിടയിലാണ് നിക്ഷേപകർക്ക് നവംബര് 1 മുതൽ പണം തിരികെ നൽകുമെന്ന ബാങ്കിന്റെ അറിയിപ്പ് വരുന്നത്.