അനിശ്ചിതത്വം തുടരുന്നു; 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം ഇന്നും ചേരില്ല, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അസൗകര്യം കണക്കിലെടുത്തെന്ന് വിശദീകരണം

അനിശ്ചിതത്വം തുടരുന്നു; 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം ഇന്നും ചേരില്ല, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അസൗകര്യം കണക്കിലെടുത്തെന്ന് വിശദീകരണം

ഉടന്‍ യോഗം ചേരുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ഒരു തീയതി പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല
Updated on
1 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലേ ചലച്ചിത്ര മേഖലയിലെ ലൈംഗികാരോപണങ്ങള്‍ വെളിപ്പെടുത്തി നടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയതോടെ പ്രതിസന്ധിയിലായി 'അമ്മ' നേതൃത്വം. അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് പദവി രാജിവെയ്‌ക്കേണ്ടി വന്നതായിരുന്നു ആദ്യ പടി. ശേഷം അമ്മ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്നും യോഗം നടക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജിന്റെ അധ്യക്ഷതയില്‍ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. സിദ്ധിഖ് ഒഴിഞ്ഞ പദവിയിലേക്ക് എത്തേണ്ടിയിരുന്ന ബാബുരാജിനെതിരെയും ഇന്നലെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. ഇതും അനിശ്ചിതത്വത്തിന് ആക്കംകൂട്ടിയെന്നു വേണം കരുതാന്‍. ഇന്ന് ചേരാനിരുന്ന യോഗം പ്രസിഡന്‌റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റിവെച്ചു എന്നാണ് അറിയുന്നത്. ഉടന്‍ യോഗം ചേരുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ഒരു തീയതി പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

അനിശ്ചിതത്വം തുടരുന്നു; 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം ഇന്നും ചേരില്ല, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അസൗകര്യം കണക്കിലെടുത്തെന്ന് വിശദീകരണം
രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്, മുകേഷിനെ സംരക്ഷിക്കുന്നത് ആര്?

അതേസമയം പൃഥ്വിരാജ്, ജഗദീഷ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ കൃത്യമായ നിലപാട് വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതും അമ്മയ്ക്കുള്ളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലരെങ്കിലും അമ്മയ്ക്കു നേരേ തിരിഞ്ഞിട്ടുണ്ടോ എന്ന സംശയം അമ്മ നേതൃനിരയിലുള്ളവരിലുണ്ട്. ചലച്ചിത്രമേഖലയിലെ നടികള്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി ഇന്നലെ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തുറന്നുപറഞ്ഞിരുന്നു. അമ്മയുടെ നിലപാട് തിരുത്തണം. ശക്തമായ ഇടപെടലുകളും നടപടികളും അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.

അമ്മയ്ക്ക് ലഭിച്ച പരാതികള്‍ പലതും പുറത്തുവരുന്ന സാഹചര്യത്തില്‍ ഇവ പരിഗണിക്കാതെ പൂഴ്ത്തിവെച്ചതിനെതിരെ വലിയതോതില്‍ ആക്ഷേപം ഉയരുന്നുണ്ട്. മാത്രമല്ല നിലപാടുള്ള അള്‍ക്കാരെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ദിവസവും പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ആരെയൊക്കെ നേതൃനിരയില്‍ കൊണ്ടുവരുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇത്തരം സാഹചര്യത്തില്‍ യോഗം ചേര്‍ന്നാല്‍ അത് പൊട്ടിത്തെറിയില്‍ കലാശിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കേണ്ടിയും വരും. എന്നാല്‍ താരങ്ങളുടെ അസൗകര്യവും ഓഫ്‍ലൈന്‍ മീറ്റിങ്ങിലുണ്ടാകുന്ന പൊട്ടിത്തെറികളും കണത്തിലെടുത്ത് യോഗം ഓണ്‍ലൈനായി ചേരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്നു വേണമെങ്കിലും ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാം. സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. സംഘടനയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറല്‍ സെക്രട്ടറിയുടേത്. മുതിര്‍ന്ന അംഗമായ സിദ്ദിഖ് മാറുമ്പോള്‍ പകരം ആരെന്നത് സുപ്രധാന ചോദ്യമാണ്. ജഗദീഷിന്റെ പേരിനാണ് ഇപ്പോള്‍ കൂടുതല്‍ പിന്തുണയുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടടക്കം പരിശോധിക്കാന്‍ പോലീസ് അന്വേഷണം കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരു വനിതയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in