ജഡ്ജിമാര്‍ക്കെന്ന വ്യാജേന കോഴ: അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.
വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശവും നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി, കെ എസ് സുദർശൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുക. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ് ഐ മാരായ കലേഷ് കുമാർ, ജോഷി സി എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ്, ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൈമാറുകയായിരുന്നു.