'ഇന്ത്യ മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമങ്ങൾ നടക്കുന്നു'; ശാസ്ത്രം പ്രചരിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് സ്പീക്കർ

'ഇന്ത്യ മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമങ്ങൾ നടക്കുന്നു'; ശാസ്ത്രം പ്രചരിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് സ്പീക്കർ

മലപ്പുറം മേലാറ്റൂർ ആർഎംഎച്ച്എസ്എസ് സ്കൂളിലെ കെട്ടിട ഉദ്‌ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയിരുന്നു സ്പീക്കർ
Updated on
1 min read

ശാസ്ത്രം സത്യമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള നിലപാടിലുറച്ച് സ്പീക്കർ എഎൻ ഷംസീർ. ഇന്ത്യയൊരു മതരാഷ്ട്രമല്ലെന്നും എന്നാൽ ചിലർ അങ്ങനെയാക്കി മാറ്റാൻ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മേലാറ്റൂർ ആർഎംഎച്ച്എസ്എസ് സ്കൂളിലെ കെട്ടിടോദ്‌ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയിരുന്നു സ്പീക്കർ.

എറണാകുളം കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനച്ചടങ്ങിൽ ശാസ്ത്രത്തെയും മിത്തുകളെയും കുറിച്ച് നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഷംസീറിന്റെ പ്രതികരണം.

''സെക്കുലർ എന്ന വാക്കിനർത്ഥം മതനിരപേക്ഷതയെന്നാണ്. ഇന്ത്യയൊരു മതരാഷ്ട്രമല്ല. എന്നാൽ ചിലർ അങ്ങനെയാക്കാൻ ശ്രമം നടത്തുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ചെറുത്തുതോൽപ്പിക്കുകയെന്നത് ഓരോ മതവിശ്വാസിയുടെയും രാജ്യസ്നേഹിയുടെയും കടമയാണ്,'' ഷംസീർ പറഞ്ഞു.

'ഇന്ത്യ മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമങ്ങൾ നടക്കുന്നു'; ശാസ്ത്രം പ്രചരിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് സ്പീക്കർ
വിശ്വാസത്തിനോ വിശ്വാസ സമൂഹത്തിനോ എതിരല്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് എ എന്‍ ഷംസീര്‍

ശാസ്ത്രം സത്യമാണ്, അതിനെ ഓരോ വിദ്യാർഥിയും പ്രചരിപ്പിക്കണം. ശാസ്ത്രത്തിൽ വിശ്വസിക്കുകയെന്നതിന് മതത്തെ തള്ളിപ്പറയുകയെന്ന് അർത്ഥമില്ല. ആധുനിക ഇന്ത്യയിൽ ശ്രാസ്ത്രപ്രചാരണം വളരെ അനിവാര്യമാണ്. മഹിതമായ മതനിരപേക്ഷതയ്ക്ക് പേരുകേട്ട നാടാണ് കേരളം. അങ്ങനെയൊരു നാട്ടിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഒരു ശ്രമവും അനുവദിക്കരുത്. ആ പ്രതിജ്ഞയാണ് ഓരോ കുട്ടിയും എടുക്കേണ്ടത്.

മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന സംഭവങ്ങൾ വളരെ കരളലിയിപ്പിക്കുന്നതാണ്. മണിപ്പൂരും ഹരിയാനയും പോലെ കേരളമാകണോ എന്നതാണ് ചോദ്യം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന സംസ്കാരമുള്ള നാടാണ് കേരളം. അതിനെ അങ്ങനെതന്നെ നിലനിർത്താൻ നാം മുന്നിട്ടിറങ്ങണമെന്നും ഷംസീർ കൂട്ടിച്ചേർത്തു.

'ഇന്ത്യ മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമങ്ങൾ നടക്കുന്നു'; ശാസ്ത്രം പ്രചരിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് സ്പീക്കർ
'ശാസ്ത്രത്തിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു'; സ്പീക്കര്‍ പറഞ്ഞതെന്ത്? സംഘപരിവാറും എൻഎസ്എസും കേട്ടതെന്ത്?

ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കർ എഎൻ ഷംസീറിന്‌റെ പ്രസംഗം വിശ്വാസത്തിനെതിരാണെന്ന തരത്തിൽ സംഘപരിവാറും ചില ഹൈന്ദവ സംഘടനകളും വിവാദമാക്കിയിരുന്നു. ഷംസീറിനെ വിമർശിച്ചുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയുമെല്ലാം കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.

ലോകത്തെ ആദ്യ പ്ലാസ്റ്റിക് സർജറി നടന്നത് ഗണപതിക്കെന്ന രീതിയിലുള്ള ഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന വ്യാഖ്യാനങ്ങൾക്ക് പകരം വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഷംസീറിന്റെ വാക്കുൾ ഹൈന്ദവവിരുദ്ധമെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്നുമായിരുന്നു എൻഎസ്എസ് ഉൾപ്പെടെയുള്ളവരുടെ വാദം.

അതേസമയം, ആരുടെയും മത വിശ്വാസം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു വിശ്വാസ സമൂഹത്തിനും എതിരല്ലെന്നും താനെന്നും ഷംസീർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്നയാളാണ്. തന്റെ സെക്കുലർ വീക്ഷണം ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ. എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്. ശാസ്ത്രബോധം വളർത്തണമെന്ന ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും എ എൻ ഷംസീർ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in