ആര്‍ത്തവ അവധി ചര്‍ച്ചയാക്കിയത് അനഘയുടേയും അംഗിതയുടെയും പോരാട്ടം
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ രണ്ട് സർവകലാശാലകൾക്ക് ആർത്തവ ആനൂകൂല്യം നൽകുന്നത്. വിപ്ലവകരമായ ഈ തീരുമാനത്തിന് കാരണം തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥി പ്രതിനിധികളായ അനഘ ശിവകുമാറിന്റെയും അംഗിത ജാസിയുടേയും ഒരു വർഷത്തോളം നീണ്ട പോരാട്ടമാണ്.
ആർത്തവക്കാലത്ത് ഒരു വിദ്യാർഥി നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആദ്യം സമീപിച്ചത് കോളേജ് പ്രിസിപ്പൽ സുരേഷ് ബാബുവിനെയായിരുന്നു. ഒരു കോളേജിന് ഇക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനം എടുക്കാൻ പരിമിതികൾ ഉള്ളതിനാൽ സാങ്കേതിക സർവകലാശാലയെ നേരിട്ട് വിവരം അറിയിക്കണമെന്ന പ്രിസിപ്പലിന്റെ നിർദേശത്തെ തുടർന്ന് അനഘയും അംഗിതയും യൂണിവേഴ്സിറ്റിലെത്തി ആർത്തവ അവധി വേണമെന്ന ആവശ്യം ഉന്നയിച്ചു. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജരില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം ഇളവ് നൽകണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.
തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് വൈസ് ചാൻസലർ രാജശ്രീക്കും ഏപ്രിൽ 20ന് ജൻഡർ അഡ്വൈസർ ഡോ. ടി കെ ആനന്ദിക്കും നിവേദനം നൽകി.
ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പിഎ ഇന്ദുലാലിനെ നേരിൽ കണ്ട് ഇരുവരും ആവശ്യം അറിയിക്കുകയും ചെയ്തു .
ഇതിനിടയിൽ ആർത്തവ അവധിയുടെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പഠിക്കുകയും കോളേജിലെ 850ലധികം വിദ്യാർഥികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോർട്ട് മന്ത്രി ആർ ബിന്ദുവിനെ നേരിൽ കണ്ട് സമർപ്പിച്ചു. എന്നാൽ ആർത്തവ അവധിയുടെ കാര്യത്തിൽ ഉന്നതരിൽ നിന്നും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
പക്ഷേ അനഘയും അംഗിതയും പ്രതീക്ഷ കൈവിട്ടില്ല. ഇരുവരും മറ്റ് സർവകലാശാലകളിലേക്കും തങ്ങളുടെ ക്യാമ്പയിൻ വ്യാപിപ്പിച്ചു. ഓരോ സർവകലാശാലകളിലെയും വിദ്യാർഥി പ്രതിനിധികളോട് സംസാരിച്ച് ക്യാമ്പയിൻ ശക്തമാക്കി. ഇതോടെ എല്ലാ വിദ്യാർഥികളും ഒറ്റക്കെട്ടായി ആർത്തവ അവധി വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചു.
ഇക്കഴിഞ്ഞ ജനുവരി 13ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ആർത്തവ അവധി നടപ്പിലാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജരില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം ഇളവ് അവകാശപ്പെടാന്‍ അനുവദിക്കുന്നതാണ് കുസാറ്റ് ഉത്തരവ്. സിഇടി കോളേജ് തുടങ്ങിയ ക്യാമ്പയിനിൽ ആദ്യ നടപടിയുണ്ടായായത് കുസാറ്റിൽ ആണെങ്കിലും അനഘയും അംഗിതയും പ്രതീക്ഷയോടെ കാത്തിരുന്നു. തുടർന്ന് ജനുവരി 17ന് നടന്ന കെടിയു ബോർഡ് ഓഫ് ഗവേണന്‍സ് യോഗത്തിൽ കേരള സാങ്കേതിക സർവ്വകലാശാലയുടെ പരിധിയിലുള്ള എല്ലാ കോളേജിലും ആർത്തവ അവധി നടപ്പാക്കാൻ തീരുമാനമായി. ഇതോടെ അനഘയും അംഗിതയും നടത്തിയ പോരാട്ടം പൂർണതോതിൽ വിജയത്തിൽ എത്തിയിരിക്കുകയാണ്.