'മോദി അഴിമതിയില്ലാത്ത നേതാവ്'; കോണ്‍ഗ്രസിന് പ്രധാനം ചിലരുടെ താത്പര്യങ്ങളെന്ന് അനില്‍ ആന്റണി
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയും അനില്‍ ആന്റണി. കോണ്‍ഗ്രസ് രാജ്യതാത്പര്യത്തിനെതിരെ നില്‍ക്കുന്നവരുമായി സന്ധിചേരുവാന്‍ ശ്രമിക്കുകയാണ് എന്ന് കുറ്റപ്പെടുത്തിയ അനില്‍ നരേന്ദ്രമോദിയെ പോലെ വ്യക്തി പ്രഭാവമുള്ള ജനപ്രിയനായ നേതാവ് ഈ ലോകത്തില്ലെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രവേശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒപ്പമായിരുന്നു അനിലിന്റെ വാര്‍ത്താസമ്മേളനം.
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായിമാറി. പാര്‍ട്ടി രാജ്യതാത്പര്യങ്ങളേക്കാള്‍ കൂടുതല്‍, രണ്ട് മൂന്ന് വ്യക്തികളുടെ താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. രാജ്യ താത്പര്യത്തിനെതിരെ നില്‍ക്കുന്നവരുമായി സന്ധിചേരുവാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ബിബിസി ഡോക്യുമെന്ററിയും അത് പോലൊരു അവസരമായിരുന്നു. ബിബിസി വിഷയത്തിന് പിന്നാലെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ആണ് തന്റേതെന്നും അനില്‍ പ്രതികരിച്ചു. താന്‍ ജനിച്ചതും വളര്‍ന്നതും കോണ്‍ഗ്രസ് കാഴചപ്പാടിലാണ്. എന്നാല്‍ ആ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. പിന്നാലെയായിരുന്നു അനിലിന്റെ മോദി സ്തുതി. നരേന്ദ്രമോദിയെ പോലെ വ്യക്തി പ്രഭാവമുള്ള ജനപ്രിയനായ നേതാവ് ഇന്ന് ലോകത്തില്ല. നരേന്ദ്രമോദി അഴിമതി രഹിതനെന്നും അനില്‍ പ്രതികരിച്ചു.
അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ഒരു തുടക്കം മാത്രമാണ് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ നിരവധിയാളുകള്‍ ബിജെപിയുടെ സഹയാത്രികരാകും, ഇത് കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള അവസരമായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അനില്‍ ആന്റണി ഇപ്പോള്‍ പ്രകടമാക്കിയത് സാധാരണയാളുകളുടെ മനസാണ്. നരേന്ദ്ര മോദിയിലും എന്‍ഡിഎ സര്‍ക്കാരിലും കേരളത്തിലേ ജനങ്ങള്‍ വിശ്വാസ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാടിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ അനില്‍ ആന്റണിയോടൊപ്പമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
അതിനിടെ, അനിലിന്റെ തീരുമാനത്തിനെ തള്ളി പിതാവും മുതിര്‍ന്ന നേതാവുമായ എകെ ആന്റണി രംഗത്തെത്തി. ബിജെപിയിൽ ചേരാനുളള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നാണ് അതേക്കുറിച്ച് തനിക്ക് പറയാനുള്ളത് എന്നും എകെ ആന്റണി ചൂണ്ടിക്കാട്ടി.