തെരുവ് നായ്ക്കളെ കൊല്ലരുത്; അഭയകേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് ആവശ്യം
കേരളത്തില്‍ തെരുവ് നായ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ നായ്ക്കളെ കൊല്ലാനുള്ള നീക്കത്തിനെതിരെ മൃഗാവകാശ സംഘടനകള്‍ സുപ്രിം കോടതിയെ സമീപിച്ചു. നായകളെ കൊല്ലുന്നതിന് പകരം ഒരു കൂട്ടം ബദല്‍ നിര്‍ദേശങ്ങളാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ പ്രകാരമുള്ള അധികാരം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് നിര്‍ദേശങ്ങളുള്ളത്.
തെരുവ് നായക്കള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന നടപടികള്‍ ചോദ്യം ചെയ്ത് 'ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി' യാണ് സുപ്രിം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കേരള ഹൈക്കോടതിയുടെ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സംഘടന ആരോപിക്കുന്നത്.
മൃഗങ്ങള്‍ക്കായുള്ള അഭയകേന്ദ്രങ്ങളുടെ അഭാവം, മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള പോലീസ് വിമുഖത, മൃഗാശുപത്രികളുടെ കുറവ് എന്നിവ പരിഹരിക്കണം
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ VS പീപ്പിള്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് സ്ട്രേ എന്ന കേസില്‍ തെരുവ് നായകളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ കേരളത്തില്‍ ശരിയായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ മൃഗങ്ങള്‍ക്കായുള്ള അഭയകേന്ദ്രങ്ങളുടെ അഭാവം, മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള പോലീസിന്റെ വിമുഖത, മൃഗാശുപത്രികളുടെ കുറവ് എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നല്‍കല്‍, മൃഗങ്ങള്‍ക്ക് ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ നായ്ക്കളെ സംരക്ഷിക്കാനുള്ള നിരവധി നിര്‍ദേശങ്ങളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസുകളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നിലവിലെ കേസുകള്‍ കണക്കിലെടുത്താണ് കേസ് അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.