പോലീസില്‍ വീണ്ടും ശുദ്ധീകരണം; കളങ്കിതരുടെ വിവരം തേടി ഡിജിപി

പോലീസില്‍ വീണ്ടും ശുദ്ധീകരണം; കളങ്കിതരുടെ വിവരം തേടി ഡിജിപി

പോക്‌സോ, പീഡനം, വിജിലന്‍സ് തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായവരുടെയും ഒരുമാസത്തിനുള്ളില്‍ ശിക്ഷാ നടപടികള്‍ നേരിട്ടവരുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്
Updated on
1 min read

വകുപ്പിലെ കളങ്കിതരായവരുടെ വിവരം ശേഖരിച്ച് പോലീസ്. പോക്‌സോ, പീഡനം, വിജിലന്‍സ് തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായവരുടെയും ഒരുമാസത്തിനുള്ളില്‍ ശിക്ഷാ നടപടികള്‍ നേരിട്ടവരുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഗുണ്ടാ-പോലീസ് ബന്ധത്തിന് മൂക്കുകയറിടാന്‍ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സംസ്ഥാന പോലീസില്‍ തലസ്ഥാനത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശുദ്ധീകരണ നടപടികള്‍ നടക്കുന്നത്. ഇതിന്റെ പേരില്‍ മൂന്ന് പോലീസുകാരെ പിരിച്ചുവിട്ടു. ഡിവൈഎസ്പിമാര്‍ അടക്കമുള്ളവര്‍ സസ്പെന്‍ഷന്‍ നേരിട്ടു. ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് മാത്രം കൂട്ട സ്ഥലംമാറ്റം പോലുമുണ്ടായി. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ നിര്‍ദേശം.

പോക്‌സോ, പീഡനം, വിജിലന്‍സ് കേസുകളില്‍ പ്രതിയായ പോലീസുകാര്‍, ഒരുമാസം സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ നല്‍കാനാണ് യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് കളങ്കിതരുടെ പട്ടിക സംസ്ഥാന പോലീസ് ആസ്ഥാനത്ത് എത്തണം എന്നാണ് നിര്‍ദേശം. മുന്‍കാല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകല്‍ കൂടി പുനഃപരിശോധിച്ച് മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനമെന്നാണ് സൂചന. അന്നത്തെ ആരോപണങ്ങളില്‍ ഗൗരവമായ അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച ശേഷമാകും നടപടി.

അതോടൊപ്പം സംസ്ഥാന വ്യാപകമായി സിഐമാര്‍ക്ക് സ്ഥലംമാറ്റം നല്‍കി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. 24 സിഐമാരെയാണ് സ്ഥലംമാറ്റിയത്. അതേസമയം നേരത്തേ സസ്‌പെന്‍ഷനിലായിരുന്ന തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സുരേഷ് വി നായരെ തിരിച്ചെടുത്തു. തിരുവല്ലം സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ട് എന്നുള്ള ആരോപണത്തെ തുടര്‍ന്നുമായിരുന്നു സസ്‌പെന്‍ഷന്‍. താനൂരിലെ കണ്‍ട്രോള്‍ റൂം സിഐയായാണ് പുതിയ നിയമനം.

Attachment
PDF
DGO_A4-1456_2023_PHQ-325.pdf
Preview

കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്ത മംഗലപുരം സി ഐക്ക് പകരം സിറ്റി സൈബര്‍ ക്രൈമിലെ സിജു കെ എല്‍ നായരെയും നിയമിച്ചിട്ടുണ്ട്. നേരത്തേ മംഗലപുരം സ്റ്റേഷനിലെ പോലീസുകാരുടെ ഗുണ്ടാ -മണ്ണ് മാഫിയാ ബന്ധത്തില്‍ 24 പോലീസുകാരെ സ്ഥലം മാറ്റുകയും എസ് എച്ച് ഒ അടക്കം 6 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. യൂണിറ്റ് മേധാവികളുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ നടപടികളള്‍ ഉണ്ടാകും.

logo
The Fourth
www.thefourthnews.in