ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം, പ്രദേശത്ത് പുക
കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സെക്ടര്‍ ഏഴിലാണ് ഇത്തവണ അഗ്നിബാധയുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതിലാണ് പുകയും വ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു മാലിന്യ പ്ലാന്റില്‍ വീണ്ടും അഗ്നിബാധയുണ്ടായത്. പിന്നാലെ തന്നെ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളായിരുന്നു ആദ്യം ദൗത്യത്തിമായി രംഗത്തെത്തിയത്. മാലിന്യം ഇളക്കി നീക്കി തീയണക്കാനുള്ള ശ്രമമാണ് തുടരുന്നത്. പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാന്‍ കൂടുതല്‍ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ബ്രഹ്‌മപുരത്തേക്ക് എത്തും.
അതേസമയം, തീപിടിത്തത്തില്‍ ആശങ്ക വേണ്ടന്നെ് എറണാകുളം ജില്ലാ കളക്ടര്‍ പ്രതികരിച്ചു. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ അഗ്നിബാധയ്ക്കുള്ള സാധ്യത മുന്‍ കൂട്ടി കണ്ടിരുന്നു. അതിനാല്‍ മതിയായ മുന്‍ കരുതല്‍ സ്വീകരിച്ചിരുന്നു. പ്രദേശത്ത് തന്നെ മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ നിലയുറപ്പിച്ചിരുന്നതിനാല്‍ വേഗത്തില്‍ ഇടപെടാനായെന്നും കളക്ടര്‍ എന്‍എസ് കെ ഉമേഷ് പ്രതികരിച്ചു.
മാർച്ച് 2 നായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ആദ്യത്തെ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണര്‍ നിയമത്തിന്‌റെ 15ാം വകുപ്പ് പ്രകാരം പരിസ്ഥിതി കോംപന്‍സേഷനായാണ് പിഴയിട്ടത്. ബാധിതരായ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഹരിക്കുന്നതിന് പിഴത്തുക ഉപയോഗിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് പൂര്‍ണമായും തീ അണയ്ക്കാനായത്. തീപിടിത്തത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥപനങ്ങൾ ഉൾപ്പെടെ അടച്ചിടേണ്ട സാഹചര്യമാണുണ്ടായത്.