കരുവന്നൂര്‍ മാത്രമല്ല, മറ്റു 12 സഹകരണ ബാങ്കുകളും നിയമലംഘകര്‍; ഇ ഡി ഹൈക്കോടതിയില്‍
കരുവന്നൂരിനു പുറമെ കേരളത്തിലെ 12 സഹകരണ ബാങ്കുകള്‍ കൂടി നിയമലംഘകരെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇ ഡി കേരളത്തിലെ കൂടുതല്‍ സഹകരണ ബാങ്കുകളിലെ നിയമലംഘനത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
അയ്യന്തോള്‍, മാവേലിക്കര, മൂന്നിലവ്, മൈലപ്ര, മാരായമുട്ടം, ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ ബാങ്ക്, ചാത്തന്നൂര്‍, കണ്ടല, പെരുങ്കടവിള കോന്നി സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക തട്ടിപ്പിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. കെ വൈ സി രേഖപ്പെടുത്തിയതിലും അംഗത്വരജിസ്റ്റര്‍ പാലിക്കുന്നതിലും നിയമവിരുദ്ധതയുണ്ട്.
സി ക്ലാസ് അംഗത്വം നല്‍കിയത് സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടുണ്ടെന്ന് ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കരുവന്നൂര്‍ വായ്പാതട്ടിപ്പ് കേസില്‍ സ്വത്തുകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തത് ചോദ്യം ചെയ്ത് പ്രതി അലിസാബ്രി നല്‍കിയ ഹര്‍ജിയിലാണ് ഇ ഡിയുടെ സത്യവാങ്മൂലം.