സ്‌കൂളുകളില്‍ നിന്നുള്ള വിനോദ പഠന യാത്രകള്‍ സുരക്ഷിതമാക്കാന്‍ 'ഉസ്കൂൾ' വരുന്നു

സ്‌കൂളുകളില്‍ നിന്നുള്ള വിനോദ പഠന യാത്രകള്‍ സുരക്ഷിതമാക്കാന്‍ 'ഉസ്കൂൾ' വരുന്നു

ദുരന്ത നിവാരണ അതോറിറ്റിയും യുണിസെഫും സംയുക്തമായിട്ടാണ് ആപ് വികസിപ്പിച്ചത്
Updated on
1 min read

സ്കൂളുകളില്‍ നിന്നുള്ള വിനോദ പഠന യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് ആപ് വരുന്നു. 'ഉസ്കൂൾ' (Uschool) എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യുണിസെഫും സംയുക്തമായിട്ടാണ് ആപ് വികസിപ്പിച്ചത്. വിദ്യാർത്ഥികളും അധ്യാപകനുമുള്‍പെടെ ഒന്‍പത് പേർ മരിച്ച വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിലുള്ള ഒരു പ്രത്യേക ഫോം, സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മുന്‍കൂട്ടി പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ വിനോദ പഠന യാത്രകള്‍ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും മോട്ടര്‍ വാഹന വകുപ്പിന് ലഭ്യമാകും. ഇതിനുപുറമെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ക്കും സമാനമായ രീതിയില്‍ വിവരങ്ങള്‍ പരിശോധിക്കാവുന്ന തരത്തിലാണ് ക്രമീകരണം .

സ്കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ്, കുട്ടികളുടെ എണ്ണം എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തി ഒരോ വര്‍ഷവും അപ്‌ഡേറ്റ് ചെയ്യണം. 'ഉസ്കൂൾ'പുറത്തിറങ്ങുന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പതിനാറായിരത്തോളം സ്കൂളുകള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം.

രാജ്യാന്തര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന 'സജ്ജം' പരിപാടിയുടെ ഭാഗമായി തൃശൂര്‍ പാണഞ്ചേരി ഗവ.എല്‍പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എം പി 'ഉസ്കൂൾ' പുറത്തിറക്കും. മന്ത്രി കെ.രാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in