ശിക്ഷായിളവിന് സമീപിച്ചു, ഇരട്ടിയാക്കി കോടതി; ടി പി കേസ് പ്രതികള്‍ക്ക് വന്‍ തിരിച്ചടി
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ കോടതി വിധിയില്‍ ഇളവുതേടി ഹൈക്കോടതിയെ സമീപിച്ച പ്രതികള്‍ക്ക് കിട്ടിയത് വന്‍ തിരിച്ചടി. വധശിക്ഷ കിട്ടിയില്ലെന്ന് ആശ്വസിക്കാമെന്ന തരത്തിലാണ് ജസ്റ്റിരുമായ കൗസര്‍ എടപ്പഗത്ത്, എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ടു പ്രതികളില്‍ ആറുപേരുടെ ശിക്ഷ ഇരട്ടിയാക്കുകയും പുതുതായി പ്രതിചേര്‍ത്ത കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ദിവസം തന്നെയാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉയര്‍ത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വന്നത്.
കേസിലെ പ്രതികളായ എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. ഇതിനെതിരായണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്. 2020-ല്‍ കുഞ്ഞനന്തന്‍ മരിച്ചു.
കുടുംബം, ആരോഗ്യപരമായ കാര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടത്. താന്‍ നിരപരാധി ആണെന്നും ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നുമായിരുന്നു ഒന്നാം പ്രതി അനൂപിന്റെ ആവശ്യം. താന്‍ നിരപരാധിയാണന്നും പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ അഭ്യര്‍ഥിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ വാദം.
ശിക്ഷ കൂടാതെ, പിഴയിലും കോടതി വര്‍ധന വരുത്തി. ഏഴരലക്ഷം രൂപ കെ കെ രമയ്ക്കും അഞ്ചു ലക്ഷം രൂപ മകനും നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു
ടി പി കേസിന്റെ ഭാഗമായി തടവില്‍ കഴിയവേ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നാണ് ടി കെ രജീഷ് കോടതിയില്‍ പറഞ്ഞത്. ശിക്ഷാ കാലയളവില്‍ ജയിലില്‍ കിടന്ന് പ്ലസ് ടു പാസായ താന്‍, ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. പന്ത്രണ്ട് വര്‍ഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും സിജിത്ത് ആഭ്യര്‍ഥിച്ചു.
രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെ സി രാമചന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പോലീസ് മര്‍ദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരുക്കുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്തുവച്ചോ പരോളില്‍ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാന്‍ പകല്‍ വീട് തന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നും കെ കെ കൃഷ്ണന്‍ വാദിച്ചു. ദൈനം ദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം ആവശ്യമുണ്ടെന്നും അറിയിച്ചു. തനിക്ക് നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണെന്നും വീട്ടില്‍ ഭാര്യക്കും മകനും അസുഖം ഉണ്ടെന്നും ജ്യോതിബാബു കോടതിയില്‍ പറഞ്ഞു. അനുജന്‍ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതികളുടെ ആവശ്യങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചില്ല. ഏറ്റവും ക്രൂരമായ കൃത്യമാണ് പ്രതികള്‍ ചെയ്തതെന്നാണ് കോടതി നിരീക്ഷണം. ഇത് സിപിഎമ്മിന് രാഷ്ട്രീയപരമായി കടുത്ത തിരിച്ചടിയാണ്.
വിചാരണക്കോടതി വെറുതേവിട്ടവരെ പ്രതിചേര്‍ക്കണം എന്നാവശ്യപ്പെട്ട് കെ കെ രമ നടത്തിയ നിയമപോരാട്ടവും ഒടുവില്‍ ജയിച്ചു. സിപിഎം പ്രാദേശിക നേതാക്കളായ കെ കെ കൃഷ്ണനേയും ജ്യോതിബാബുവിനേയും നേരത്തെ ഹൈക്കോടതി പ്രതിചേര്‍ത്തിരുന്നു. പിന്നാലെ, ഇവര്‍ കോടതിയിലെത്തി കീഴടങ്ങുകയും ചെയ്തു. ഇന്ന് പുറപ്പെടുവിച്ച ശിക്ഷാ വിധിയില്‍ ജ്യോതിബാബുവിനും കെകെ കൃഷ്ണനും ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഒൻപത് പ്രതികള്‍ക്ക് ഇരുപത് വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് പാടില്ലെന്നും കോടതി വിധിച്ചതും പ്രതിഭാഗത്തിന് കനത്ത തിരിച്ചടിയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് സര്‍ക്കാരുകളുടെ കാലത്തും പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ അനുവദിക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയിലില്‍ ടിപി കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യവും അടിക്കടി ലഭിക്കുന്ന പരോളും കെ കെ രമ അടക്കമുള്ളവര്‍ പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിക്കളയുകയാണ് സിപിഎം നേതൃത്വം ചെയ്തത്.
ആറു പ്രതികളുടെ ശിക്ഷയാണ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയിരിക്കുന്നത്. ടിപിയെ വെട്ടിക്കൊന്നതില്‍ നേരിട്ട് ഇടപെട്ട ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവരെ കൊലപാതകം കൂടാതെ ഗൂഢാലോചന കൂടി ഉള്‍പ്പെടുത്തി നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടിയാണ് ഹൈക്കോടതി വിധിച്ചത്. അണ്ണന്‍ സിജിത്തിന്റെ ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, ഈ പ്രതികള്‍ക്കൊന്നും 20 വര്‍ഷം കഴിയാതെ ശിക്ഷ ഇളവിന് അര്‍ഹതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശിക്ഷ കൂടാതെ, പിഴയിലും കോടതി വര്‍ധന വരുത്തി. ഏഴരലക്ഷം രൂപ കെ കെ രമയ്ക്കും അഞ്ചു ലക്ഷം രൂപ മകനും നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സമകാലീന സിപിഎം എത്ര തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചാലും മാഞ്ഞുപോകാത്ത കറുത്ത പാടാണ്. 2012 മെയ് നാലിനാണ് ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരനെ ഒരു സംഘം ആളുകള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ബൈക്കില്‍ പോവുകയായിരുന്ന ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് ബോംബെറിഞ്ഞ് വീഴ്ത്തിയതിന് ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം, കേസ് വഴിതിരിച്ചുവിടാനായി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. ചന്ദ്രശേഖരന്റെ വിധവ കെ കെ രമയെ സിപിഎം പ്രവര്‍ത്തകരും നേതാക്കളും നിരന്തരം അധിക്ഷേപിക്കുകയും ചെയ്തു.
പന്ത്രണ്ടുവര്‍ഷമാണ് കെ കെ രമ നിയമപോരാട്ടം നടത്തിയത്. എന്നാല്‍, ഈ വിധികൊണ്ട് മാത്രം മാത്രം തൃപ്തയാകില്ലെന്നാണ്‌രമയുടെ ആദ്യ പ്രതികരണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവര്‍ കേസില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് രമയും ആര്‍എംപിയും ആരോപിക്കുന്നത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാനായി, സുപ്രീംകോടതി വരെ പോകുമെന്നാണ് ഇവരുടെ നിലപാട്.