ലക്ഷ്യമിട്ടത് ഐഎഎസ്; ഒടുവിൽ ഐഎഫ്എസ് ദേശീയ തലത്തില്‍ 22-ാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി അരവിന്ദ്
പരാജയങ്ങള്‍ക്കപ്പുറം വിജയം നമ്മെ കാത്തിരിപ്പുണ്ടെന്നതിന്‍റെ തെളിവാണ് ഐഎഫ്എസ് പരീക്ഷയിൽ അരവിന്ദിന്‍റെ റാങ്ക് തിളക്കം. 2022 ഐഎഫ്എസ് പരീക്ഷയിൽ ദേശീയ തലത്തില്‍ 22-ാം റാങ്കും സംസ്ഥാനതലത്തില്‍ 1-ാം റാങ്കും കരസ്ഥമാക്കിയിരിക്കുകയാണ് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അരവിന്ദ് ജെ. കഠിനപരിശ്രമങ്ങള്‍ക്കിപ്പുറം റാങ്ക് ലിസ്റ്റില്‍ തന്‍റെ പേര് കുറിച്ചപ്പോള്‍ അരവിന്ദിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ്. 2016 മുതല്‍ ആരംഭിച്ച തയ്യാറെടുപ്പുകള്‍ ഏഴ് വര്‍ഷത്തിനിപ്പുറം ലക്ഷ്യം കണ്ട സന്തോഷത്തിലാണ് അരവിന്ദ്. തുടക്കത്തിലേറ്റ പരാജയങ്ങളില്‍ പതറാതെ പൊരുതിയാണ് അരവിന്ദ് വിജയത്തെ കൈയ്യെത്തിപ്പിടിച്ചത്.
സിവില്‍ സര്‍വീസ് പരീക്ഷയിൽ 2017,2018,2020 വര്‍ഷങ്ങളിലെ പ്രിലിംസ് എക്‌സാമിനേഷനുകളിലെ പരാജയം. മൂന്ന് തവണ മെയിന്‍സ് പരീക്ഷയിലും സ്വപ്‌നം കൈവിട്ടുപോകുകയായിരുന്നു. ഒരുതവണ ഇന്റര്‍വ്യൂവരെ എത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. എന്നാല്‍ തന്റെ സ്വപ്നത്തെ കൈവിടാന്‍ അരവിന്ദ് തയ്യാറായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് കുടപിടിക്കാന്‍ ഒരുപറ്റം ആള്‍ക്കാരും പൊരുതാനുള്ള മനസും ഉണ്ടെങ്കില്‍ മനുഷ്യന്‍ ഏത് വിജയത്തെയും കീഴ് പ്പെടുത്തും.
സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്കുള്ള യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ അമ്മ മികച്ച പിന്തുണ നല്‍കിയിരുന്നു. നല്ല ഒരുകൂട്ടം സുഹൃത്തുക്കളും കല്യാണശേഷം ഭാര്യ ഗംഗയും അരവിന്ദിന്‍റെ സ്വപ്നത്തിന് കൂട്ടിരുന്നു.
പ്രതീക്ഷ കൈവിടാതെ പൊരുതി മുന്നേറിയപ്പോള്‍ വിജയത്തിന്റെ വാതില്‍ അരവിന്ദിന് മുന്നില്‍ തുറന്നു. കഴിഞ്ഞ വര്‍ഷം ഐഎഫ്എസില്‍ പ്രവേശിച്ച ജോജിന്‍ എബ്രഹാമിന്റെ പിന്തുണ കൂടി ആയതോടെ വിജയത്തെ തന്നിലേക്കടുപ്പിക്കാന്‍ അരവിന്ദിന് സാധിച്ചു. 2022 ജൂണില്‍ പ്രിലിമിനറി എക്‌സാമിനേഷനും നവംബറില്‍ മെയിന്‍ എക്‌സാമും കഴിഞ്ഞ് 2023 ജൂണിലായിരുന്നു ഇന്റര്‍വ്യൂ നടന്നത്. അമ്മ പുഷ്പ, സഹോദരി അമൃത, ഭാര്യ ഗംഗ എന്നിവര്‍ അടങ്ങുന്നതാണ് അരവിന്ദിന്റെ കുടുംബം.
പോത്തന്‍കോട് ഗവ. യുപിഎസ്, ലക്ഷ്മി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാധവവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചേങ്കോട്ടുകോണം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം . തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായ ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് ഉള്ള തയ്യാറെടുപ്പുകള്‍ അരവിന്ദ് ആരംഭിച്ചത്. സിവില്‍ സര്‍വീസിന് വേണ്ടി പ്രയത്‌നിച്ച് കൊണ്ടിരിക്കവേയാണ് ഐഎഫ്എസ് എന്ന ഓപ്ഷന്‍ മുന്‍പിലേക്കെത്തിയതും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും.
കുടുംബത്തിന്റെയും സുഹൃത്തുകളുടെയും പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അരവിന്ദ് ദ ഫോര്‍ത്തിനോട് പറഞ്ഞു. തിരുവനന്തപുരം ഐ ലേണ്‍ ഐഎഎസ് അക്കാദമിയിലെ എന്‍വയോണ്‍മെന്റ് എക്കോളജി അധ്യാപകനായി ജോലി നോക്കുകയാണ് അരവിന്ദ്. ട്രെയിനിങിന് ചേരുന്നതുവരെ ഐ ലേണ്‍ അക്കാദമിയിലെ അധ്യാപനം തുടരാനാണ് തീരുമാനമെന്നും അരവിന്ദ് ദ ഫോര്‍ത്തിനോട് പറഞ്ഞു.