കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനേയും ജിൽസിനേയും റിമാൻഡ് ചെയ്തു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം വടക്കാഞ്ചേരി കൗൺസിലർ പി ആർ അരവിന്ദാക്ഷനേയും കരുവന്നൂർ സഹകരണ ബാങ്ക് ചീഫ് അക്കൗണ്ടന്റ് സി കെ ജിൽസിനേയും റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും. ഇരുവരെയും വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് ചെയ്തത്. അരവിന്ദാക്ഷനു കരുവന്നൂർ ബാങ്കിൽ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.
പണത്തിന്റെ സ്രോതസ് അരവിന്ദാക്ഷനു വെളിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപിച്ച റിപോർട്ടിൽ ഇ ഡി വ്യക്തമാക്കിയത്.
റിമാൻഡിലായ അരവിന്ദാക്ഷൻ ജാമ്യപേക്ഷ സമർപ്പിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും 8 തവണ ഇ ഡി വിളിച്ചപ്പോഴും ഹാജരായിട്ടുണ്ടെന്നും അരവിന്ദാക്ഷൻ ജാമ്യാപേക്ഷയിൽ പറയുന്നത്. ജാമ്യപേക്ഷ നാളെ പരിഗണിക്കും. ബാങ്ക് വായ്പാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജിൽസ് പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ജിൽസ്, തന്നെ തട്ടിപ്പുകേസിൽ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം.
രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രമുഖരുടെ ബിനാമികളെന്ന് സംശയിക്കുന്ന സ്വകാര്യ ഫൈനാൻഷ്യർ പി സതീഷ്കുമാർ, പി പി കിരൺ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഐ (എം) നേതാക്കളായ എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
അരവിന്ദാക്ഷന്റെ പങ്കിനെക്കുറിച്ച് കേസിലെ നിരവധി സാക്ഷികൾ മൊഴി നൽകി. സതീഷ് കുമാറിന്റെയും സഹോദരൻ പി ശ്രീജിത്തിന്റെയും ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻ തുക അരവിന്ദാക്ഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. കിരൺ തന്റെ പേരിലും മറ്റു പലരുടെ പേരിലും എടുത്ത വായ്പയിൽ നിന്ന് 25 ലക്ഷം രൂപ അരവിന്ദാക്ഷന്റെ പേരിൽ സ്ഥിരനിക്ഷേപമായി നിക്ഷേപിച്ചു. പെരിങ്ങത്തൂർ സർവീസ് സഹകരണ ബാങ്കിലും ധനലക്ഷ്മി ബാങ്കിലും അരവിന്ദാക്ഷൻ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിച്ചിരുന്നുവെങ്കിലും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടില്ലന്നും ഇ ഡി വ്യക്തമാക്കി.
2015, 2016, 2107 വർഷങ്ങളിൽ ബാങ്ക് അക്കൗണ്ട് വഴി വൻ പണമിടപാടുകൾ നടന്നു. എന്നാൽ ആദായനികുതി റിട്ടേണുകളുടെ രേഖകൾ നൽകാൻ വിസമ്മതിച്ചതായും ഇ ഡി കോടതിയെ അറിയിച്ചു. സതീഷ് കുമാർ കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച തുക വിവിധ മേഖലകളിൽ നിക്ഷേപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. 5.06 കോടി രൂപയിലധികം കുറ്റകൃത്യങ്ങളിൽ നിന്ന് ജിൽസ് ഉണ്ടാക്കിയതായി ഇ ഡി കോടതിയെ അറിയിച്ചു.