അർജുൻ ട്രക്കിനു പുറത്തോ? ഉള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല; തിരച്ചിലിൽ നാലിടത്ത് ലോഹഭാഗങ്ങൾ
ഉത്തര കർണാടക ഷിരൂരിലെ അങ്കോലയിൽ മലയാളി ട്രക്ക് ഡ്രൈവർ അർജുൻ കാണാതായിട്ട് പത്താം ദിവസം പിന്നിടവെ നിർണായക കണ്ടെത്തലുമായി ദൗത്യസംഘം. നദിയിൽ നാല് ലോഹഭാഗങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ മൂന്നാമത്തെ സ്പോട്ടിലാണ് അർജുൻ്റെ ട്രക്ക് നിൽക്കുന്നതെന്നാണ് നിഗമനമെന്നും മലയാളിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
''ട്രക്ക് നിലകൊള്ളുന്ന സ്ഥലം കണ്ടുപിടിക്കാനാണ് കർണാടക സർക്കാർ വിളിച്ചത്. നാലിടത്ത് ലോഹഭാഗങ്ങളുണ്ടെന്ന് കണ്ടെത്തി. സേഫ്റ്റി റെയ്‌ലിങ്, ടവർ, മേഴ്സിഡസ് ബെൻസ് ലോറിയുടെ ഭാഗം, ടാങ്കറിൻ്റെ കാബിൻ എന്നിവയാണ് ലോഹഭാഗങ്ങൾ. ഈ നാല് ഭാഗങ്ങളും വെള്ളത്തിലാകാനാണ് സാധ്യത,'' ഇന്ദ്രബാൽ പറഞ്ഞു.
അതേസമയം, ട്രക്കിനുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അർജുൻ ലോറിക്ക് പുറത്താകാനും സാധ്യതയുണ്ടെന്നും ഇന്ദ്രബാൽ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് സ്പോട്ടുകളാണ് കിട്ടിയത്. സൗണ്ട് എൻജിൻ ഉപകരണങ്ങളും മാഗ്നോമീറ്ററും ഉപയോഗിച്ചുള്ള അന്വേഷണത്തിൽ ഇന്ന് വെള്ളത്തിനടിയിൽ മൂന്നാമത്തെ സ്പോട്ടും കിട്ടി.
ഈ സ്പോട്ടുകളിലെവിടെയാണ് ട്രക്കെന്ന് അറിയലായിരുന്നു അടുത്ത പ്രശ്നം. മൂന്നാമത്തെ സ്പോട്ടിൽ ട്രക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇന്നത്തെ നിഗമനമെന്നും ഇന്ദ്രബാൽ പറയുന്നു. എട്ട് മീറ്റർ ആഴത്തിലാണ് ട്രക്കിൻ്റെ സിഗ്നൽ ലഭിച്ചത്.
ട്രക്കിൻ്റെ പുറകിൽ 400 തടിക്കഷ്ണമുണ്ടായിരുന്നു. അതുകൊണ്ട് ഇത്രയും ദൂരത്ത് എങ്ങനെ ട്രക്ക് പോയെന്നും വ്യക്തമല്ലായിരുന്നു. എന്നാൽ വെള്ളത്തിലെത്തിയപ്പോൾ തടിക്കഷ്ണം ഒഴുകിപ്പോയതാകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെർമൽ ഇമേജ് കിട്ടുമോയെന്ന് പരിശോധിക്കാൻ രാത്രിയിൽ ഡ്രോണ്‍ പരിശോധനയും നടത്താനുള്ള തീരുമാനവും ദൌത്യസംഘം കൈകൊണ്ടു.