'ഭര്‍ത്താവിന്റെ വീട് സുരക്ഷിതമായ സ്ഥലം'-  പരാമര്‍ശത്തില്‍ ഉറച്ച് ജെബി മേത്തര്‍; വക്കീല്‍ നോട്ടീസ് അയച്ച് ആര്യ

'ഭര്‍ത്താവിന്റെ വീട് സുരക്ഷിതമായ സ്ഥലം'- പരാമര്‍ശത്തില്‍ ഉറച്ച് ജെബി മേത്തര്‍; വക്കീല്‍ നോട്ടീസ് അയച്ച് ആര്യ

വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്ന് ജെബി മേത്തർ
Updated on
1 min read

മഹിളാ കോണ്‍ഗ്രസ് നേതാവും എംപിയുമായ ജെബി മേത്തറിനെതിരെ നിയമനടപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. നിയമന വിവാദത്തിലെ പ്രതിഷേധത്തിനിടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ജെബി മേത്തറിനെതിരെ ആര്യ വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം. തയ്യാറായില്ലെങ്കില്‍ തുടര്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും വക്കീല്‍ നോട്ടീസില്‍ അറിയിക്കുന്നു.

'കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ' എന്ന പ്രയോഗമാണ് വിവാദമായത്. കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും എംപി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് മേയര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വാചകമെഴുതിയ പ്ലക്കാര്‍ഡുകളും ജെബി മേത്തര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

എന്നാൽ, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ജെബി മേത്തര്‍ വ്യക്തമാക്കുന്നു. അപകീര്‍ത്തികരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് എംപി. 'ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിട്ടോളൂ' എന്ന് തന്നെയാണ് ഉദ്ദേശിച്ചതെന്ന് ജെബി മേത്തര്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ വീട് സുരക്ഷിതമായ ഇടമായതിനാലാണ് അങ്ങനെ പറഞ്ഞത്. രമ്യ ഹരിദാസിനെ പെങ്ങളൂട്ടിയെന്ന് വിളിക്കുന്നതുപോലെ സ്നേഹത്തോടെയാണ് ആര്യയെ മേയറൂട്ടീ എന്ന് വിളിക്കുന്നതെന്നും ജെബി മേത്തർ പറഞ്ഞു. വക്കീല്‍നോട്ടീസ് നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത് പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയും കൈയ്യിൽ കരുതിയാണ്. "കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ " എന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്.

നിയമനടപടിയിലേക്ക് കടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് നേരത്തെ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകനായ മുരുക്കുമ്പുഴ ആര്‍ വിജയകുമാരന്‍ നായര്‍ മുഖേന നോട്ടീസ് അയച്ചത്. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in