കിഴക്കന്‍ ഏറനാടും ആര്യാടന്‍ മുഹമ്മദും സഖാവ് കുഞ്ഞാലിയും
ഏറനാട്ടില്‍ നിന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ്, ദീര്‍ഘകാലം മന്ത്രി, മലബാറിലെ കോണ്‍ഗ്രസിന്റെ പ്രമുഖ മുഖം. ഇടത് - വലത് മന്ത്രി സഭകളില്‍ അംഗം. വിശേഷണങ്ങള്‍ ഏറെയാണ് ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്. 1980-82 കാലത്തെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍-വനം വകുപ്പ് മന്ത്രിയായും എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍- ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും ആര്യാടന്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലമ്പൂരിലെ ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണ് കെ കുഞ്ഞാലി വധക്കേസ്. കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായ കുഞ്ഞാലിയെ വെടിവച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ആര്യാടന്‍ മുഹമ്മദ്. കുഞ്ഞാലി വധക്കേസുമായി ബന്ധപ്പെട്ട് 1969 ല്‍ ജയില്‍വാസം ഉള്‍പ്പെടെ അനുഭവിക്കേണ്ടിവന്നു ആര്യാടന്. എന്നാല്‍, ഹൈക്കോടതി അദ്ദേഹത്തെ കേസില്‍ കുറ്റവിമുക്തനാക്കി. പക്ഷേ ആ രാഷ്ട്രീയ കൊലപാതകത്തിന്റെ കറ ആര്യാടനില്‍ നിന്നു.
ഇതിനിടെ വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന്‍ നടത്തിയ വെളിപ്പെടുത്തലും വലിയ ശ്രദ്ധ പിടിച്ച് പറ്റി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോപാലന്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു ആര്യാടന്‍ പ്രതികരിച്ചത്.
ഒടുവില്‍ ആര്യാടന്‍ മുഹമ്മദും ലോകത്തോട് വിടപറയുമ്പോള്‍ വീണ്ടും ഉയര്‍ന്നു വരികയാണ് കെ കുഞ്ഞാലിയെന്ന കമ്മ്യൂണിസ്റ്റ് നേതാവും, ഇനിയും പൂര്‍ണമായും ചുരുളഴിയാത്ത കൊലപാതക കേസും.
സഖാവ് കുഞ്ഞാലി
കിഴക്കന്‍ ഏറനാടിന്റെ ചരിത്രത്തില്‍ മാറ്റത്തിന്റെ ചരിത്രമെഴുതിയ വിപ്ലവകാരിയായിരുന്നു കുഞ്ഞാലി. അമ്പതുകളില്‍ നിലമ്പൂരിന്റെ മണ്ണില്‍ കാലു കുത്തുകയും പത്തൊന്‍മ്പത് വര്‍ഷം കര്‍മ്മനിരതനായി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കുഞ്ഞാലിയെ മണ്ണിനുവേണ്ടിയുള്ള സമരങ്ങളുടെ നേതാവെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കുടിയേറ്റക്കാരും തോട്ടമുടമകളും കോവിലകവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഉള്‍ക്കൊണ്ട അധികാര വര്‍ഗം രൂപപ്പെട്ട കാലത്തായിരുന്നു അദ്ദേഹം ഏറനാട്ടിലെത്തുന്നത് പിന്നീട് പല പോരാട്ടങ്ങളിലൂടെ സമരങ്ങളിലെ സജീവ സാനിധ്യമായി.
തോട്ടം തൊഴിലാളികളുമായുള്ള ഇടപെടലും അവരില്‍ അവകാശ ബോധം ഉണര്‍ത്താനുള്ള കുഞ്ഞാലിയുടെ ശ്രമവും അപകടകരമായിരുന്നുവെന്ന് ഇ കെ ഇമ്പിച്ചിബാവ അടക്കമുള്ളവര്‍ അനുസ്മരണ കുറിപ്പില്‍ വിലയിരുത്തിയിരുന്നതായി കുഞ്ഞാലിയുടെ ജീവിത കഥയില്‍ ബഷീര്‍ ചുങ്കത്തറ കുറിക്കുന്നുണ്ട്.
വന്‍കിട തോട്ടമുടമകള്‍ക്ക് മുഴുവന്‍ കുഞ്ഞാലി ശത്രുവായിരുന്നു. മലപ്പുറം നിലമ്പൂരില്‍ ചുള്ളിയോട്ടിലെ ഒരു ചെറുകിട എസ്‌റ്റേറ്റ് ഉടമയായിരുന്ന അവറാച്ചന്‍ എസ്റ്റേറ്റിലേയ്ക്ക് കുറച്ചുകൂടി തൊഴിലാളികളെ ആവശ്യം വന്നപ്പോള്‍ കുഞ്ഞാലിയെ സമീപിച്ചു. അങ്ങനെ എസ്റ്റേറ്റില്‍ ബഹു ഭൂരിപക്ഷം വരുന്ന തൊഴിലാളികളും എഐടിയുസി അംഗങ്ങളായി. ഈ സ്ഥിതി കോണ്‍ഗ്രസിന്റെ ഐന്‍ടിയുസി നേതൃത്വത്തിന് വലിയ ക്ഷീണം ഉണ്ടാക്കി കുഞ്ഞാലിക്കെതിരെ ഒരു വിമത സ്വരം വളരാന്‍ കാരണമാവുകയും ചെയ്തു. തൊഴിലാളികളില്‍ നിന്ന് ചിലരേയെങ്കിലും ഐഎന്‍ടിയുസിയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നു. അന്ന് ഐഎന്‍ടിയുസിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ആര്യാടന്‍ മുഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ന് പല പദ്ധതികളും ആവിഷ്കരിച്ചു. പിന്നീട് എഐടിയുസി തൊഴിലാളികള്‍ക്കിടയില്‍ നിന്നും ഐന്‍ടിയുസിയിലേയ്ക്ക് കൊഴിഞ്ഞ് പോക്കുണ്ടായി .
എഐടിയുസി യില്‍ ഉറച്ചുനിന്ന തൊഴിലാളികളെ എതിര്‍പക്ഷം കായികമായി നേരിടാന്‍ തുടങ്ങിയതോടെ, രണ്ട് തൊഴിലാളി സംഘടനകള്‍ക്കിടയിലെ തര്‍ക്കമായി അത് മാറി. 1969 ജൂലൈ 26 ന് രണ്ട് വിഭാഗം തൊഴിലാളികളും യൂണിയന്‍ ഒഫീസുകളില്‍ ഒത്തുകൂടിയിട്ടുണ്ടെന്നും സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരം നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിക്ക് ലഭിച്ചു. കുഞ്ഞാലിയെ അങ്ങോട്ട് പറഞ്ഞയക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി തീരുമാനം. കമ്മിറ്റി നിര്‍ദേശത്തെ കുഞ്ഞാലി എതിര്‍ത്തു. സംഘര്‍ഷാവസ്ഥയിലുള്ള ചുള്ളിയോട്ടേയ്ക്ക് കുഞ്ഞാലിയെ വിടുന്നത് ആഭികാമ്യമല്ലെന്ന തീരുമാനമായിരുന്നു വന്നത്. പിന്നീട് പാര്‍ട്ടി തീരുമാന പ്രകാരം കുഞ്ഞാലി വഴിക്കടവിലേയ്ക്കും ടി സി മുഹമ്മദ് ചുള്ളിയോട്ടേയ്ക്കും പോയി .
ചുള്ളിയോട്ടെ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം അഭിമുഖമായായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഐന്‍ടിയുസി നേതാക്കളും, നേതാവ് ആര്യാടന്‍ മുഹമ്മദും ചില നാട്ടു പ്രമാണിമാരും അവിടെ എത്തിയിരുന്നതായാണ് ബഷീര്‍ ചുങ്കത്തറയുടെ 'പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിത കഥ' യെന്ന ജീവചരിത്രത്തില്‍ പറയുന്നത്. എഐടിയുസി തൊഴിലാളികളുടെ ഒരു സംഘവും പാര്‍ട്ടി ഓഫീസില്‍ സംഘടിച്ചിരുന്നു. ഐഎന്‍ടിയുസിക്കാര്‍ തര്‍ക്കമുള്ള എസ്റ്റേറ്റിലേയ്ക്ക് പോവാന്‍ സാധ്യതയുണ്ടെന്നായിരുന്നു ലഭിച്ചവിവരം.
എന്നാല്‍ ചുള്ളിയോട് എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഉത്കണ്ഠയില്‍ കുഞ്ഞാലി ചുള്ളിയോട് എത്തി. ഇരു പാര്‍ട്ടി ഓഫീസുകളിലും സംഘടിച്ചിരുന്നവര്‍ അപ്പോഴും പിരിഞ്ഞു പോയിരുന്നില്ല . ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലുണ്ടായിരുന്നു. ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് ഓഫീസില്‍ കൂടി നിന്നവര്‍ക്ക് ചില നിര്‍ദേശം നല്‍കി താഴെയിറങ്ങുകയും ജീപ്പില്‍ കയറി തിരിച്ച് പോവാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് പ്രവര്‍ത്തകരുമായി സംസാരിച്ച് വീണ്ടും തിരികെ കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് കയറി. രാത്രി 11 മണിക്കു ശേഷവും സ്ഥിതി തുടര്‍ന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ടിസി മുഹമ്മദ് കുഞ്ഞാലിയോട് പറഞ്ഞു. കുഞ്ഞാലി തിരിച്ചുപോവാനൊരുങ്ങി. പ്രവര്‍ത്തകരോട് സംസാരിച്ച് പുറത്തേയ്ക്കിറങ്ങിയ അദ്ദേഹം വീണ്ടും ഓഫീസിലേയ്ക്ക് തിരിച്ചു കയറി.
പാര്‍ട്ടി ഓഫീസിന് പുറത്തിറങ്ങിയ കുഞ്ഞാലി ജീപ്പിനകത്തേയ്ക്ക് കയറാന്‍ ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ആരോ പാര്‍ട്ടി ഓഫീസിലേയ്ക്ക് ടോര്‍ച്ച് അടിച്ചു. രോഷം കയറിയ കുഞ്ഞാലി കോണ്‍ഗ്രസ് ഓഫീസിനുനേരെ തിരിഞ്ഞു. പിടിച്ചു നിര്‍ത്തിയ മുഹമ്മദിന്റെ കൈ കുടഞ്ഞ് കുഞ്ഞാലി മുന്നോട്ട് ചെന്നു. പെട്ടന്ന് വെടിപൊട്ടി നെഞ്ചില്‍ വെടിയുണ്ട തുളച്ചുകയറി. കുഞ്ഞാലി വീണു.
പ്രവര്‍ത്തകര്‍ കൈയില്‍ കിട്ടിയ ആയുധങ്ങളുമായി കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് തിരിഞ്ഞു. ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിനകത്തായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ സംഭവസ്ഥലം സംഘര്‍ഷഭരിതമായെന്നതിനെ വ്യക്തമായി ബഷീര്‍ ജീവിത കഥയില്‍ വിവരിച്ചിട്ടുണ്ട്.
''കുഞ്ഞാലി നിലമ്പൂരെത്തുന്ന സമയത്ത് ആര്യാടന്‍ മുഹമ്മദാണ് നിലമ്പൂരിലെ തോട്ടം തൊഴിലാളി മേഖലയിലെ നേതാവ് . തോട്ടം തൊഴിലാളികള്‍ക്കിടയില്‍ കുഞ്ഞാലി വന്നതിന് ശേഷം എഐടിയുസി യുടെ വളര്‍ച്ച സംഭവിക്കുന്നുണ്ട്, കോണ്‍ഗ്രസില്‍ നിന്ന് എഐടിയുസിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് ഉണ്ടായി. തോട്ടം മുതലാളിമാരില്‍ നിന്നും കുഞ്ഞാലിക്കെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. കുഞ്ഞാലി വധത്തിന് ശേഷം വന്ന വാദം കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തോക്കുമായി നില്‍ക്കുമ്പോള്‍ അത് കോണ്‍ഗ്രസുകാര്‍ അറിയാതെയായിരിക്കില്ലെന്ന വാദമായിരുന്നു അന്ന് ഉയര്‍ന്നു വന്നത്. ജീവിത കഥയ്ക്കായി നടത്തിയ പഠനങ്ങളും അങ്ങനൊരു കണ്ടത്തലിലാണ് എത്തിയത്.''
'പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിത കഥ' എഴുതിയ ബഷീര്‍ ചുങ്കത്തറ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.
കുറച്ച് പേര്‍ സഖാവ് കുഞ്ഞാലിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംഭവ സ്ഥലത്തെ പ്രവര്‍ത്തകരുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ട്‌പ്പെട്ടു. കോണ്‍ഗ്രസ് ഓഫീസിന് അകത്തുള്ള ആര്യാടന്‍ അടക്കമുള്ള മുഴുവന്‍ ആളുകളേയും ഓഫീസ് സഹിതം തീ വയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ സ്ഥലത്ത് പോലീസെത്തി ആര്യാടനടക്കമുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. വെടിയേറ്റ കുഞ്ഞാലിയെ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കി നല്‍കി മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
അതിനിടയില്‍ ഡ്യൂട്ടി ഡോക്ടര്‍ കുഞ്ഞാലിയുടെ മൊഴി രേഖപ്പെടുത്തി ആര്യാടന്‍ മുഹമ്മദാണ് തന്നെ വെടിവച്ചത് എന്നായിരുന്നു മൊഴി. ആര്യാടന്‍ മുഹമ്മദിനെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കുറച്ച് ദിവസത്തിന് ശേഷം ജൂലൈ 28 ന് രാവിലെ 10. 30 ന് കുഞ്ഞാലി രക്തസാക്ഷിയായി.
അന്ന് എന്നോടൊപ്പം ഓഫീസിലുണ്ടായിരുന്ന ആരുടെ കൈയിലും തോക്കോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയില്‍ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് എന്നെ കേസിലെ ഒന്നാംപ്രതിയാക്കി സംഭവസ്ഥലത്തുവെച്ചുതന്നെ ഞങ്ങള്‍ 25 പേരെ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയി കോഴിക്കോട് ജയിലിലടച്ചു. പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിയ കെട്ടിട ഉടമയും ഒരു അധ്യാപകനും അങ്ങനെ ഞങ്ങളോടൊപ്പം കേസില്‍ പ്രതികളായി.തീര്‍ച്ചയായും കുഞ്ഞാലി വധക്കേസ് തന്നെയാണ് രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണം
ആര്യാടന്‍ മുഹമ്മദ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
പിന്നീട് സപ്തകക്ഷി മുന്നണിയിലെ ഘടകകക്ഷികളായ സി പി ഐ യും മുസ്ലീം ലീഗും കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്നു പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. ആഭ്യന്തര മന്ത്രിയായി കരുണാകരന്‍ വന്നതോടെ കേസ് മാറി മറിഞ്ഞു. കുഞ്ഞാലിയെ വെടിവച്ചു എന്നു കരുതുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപാലന്‍ എന്നയാള്‍ 1971ല്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രതിയായ കുഞ്ഞാലി വധ കേസിന്റെ അന്വേഷണത്തേയും ആ ഭരണകൂടം സ്വാധീനിച്ചുവെന്ന വിലയിരുത്തലിലാണ് പിന്നീട് കേരളം എത്തിയത്.
സ്വതന്ത്ര ഇന്ത്യയുടെ തന്നെ ചരിത്രത്തിലാദ്യമായി ഒരു എംഎല്‍എ കൊല്ലപ്പെട്ട കേസില്‍ പക്ഷേ ആരും ശിക്ഷിക്കപ്പെട്ടില്ല. 24 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേവിടുകയായിരുന്നു. വഴുതിനങ്ങാപറമ്പന്‍ ഗോപാലന്‍, കൊടിയാടന്‍ ഗോവിന്ദന്‍ ചന്ദ്രന്‍, മാട്ടുമ്മല്‍ മുഹമ്മദ്, അബ്ദുല്‍സലാം, തയ്യംവീട്ടില്‍ വേലായുധന്‍, പൈക്കാടന്‍ അബു, പാലയ്ക്കത്തൊടി അവറാന്‍കുട്ടി, കല്ലംകുന്നന്‍ മൊയ്തു, ചെട്ട്യാര്‍, ടി. മുഹമ്മദ്, പെരുമ്പള്ളി ഹംസ, വടക്കെത്തൊടി യൂസഫ്, വടക്കത്ത് തങ്കമണി,എല്‍.കെ. അബു, എന്‍കെ യൂസഫ്, പുലിക്കോട്ട് കുമാരന്‍, നീലമ്പ്ര മുഹമ്മദ്, കളത്തിങ്കല്‍ത്തൊടി അബ്ദു, തുടങ്ങിയവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ നാലാം ചേലേക്കാട്ട് അബ്ദുള്‍സലാം ഒളിവില്‍ പോവുകയും ചെയ്തിരുന്നു.