വര്‍ഗീയതക്കെതിരെ നിലകൊണ്ട രാഷ്ട്രീയ നേതാവ്; ആര്യാടനെ ഓര്‍മിച്ച് എ കെ ആന്റണി

വര്‍ഗീയതക്കെതിരെ നിലകൊണ്ട രാഷ്ട്രീയ നേതാവ്; ആര്യാടനെ ഓര്‍മിച്ച് എ കെ ആന്റണി

കോണ്‍ഗ്രസില്‍ ആന്റണിക്കൊപ്പം നിന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്
Updated on
1 min read

ആര് എതിര്‍ത്താലും തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്ന് പറഞ്ഞിരുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഭൂരിപക്ഷ വര്‍ഗീയതെയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരു പോലെ എതിര്‍ത്ത നേതാവ്. അക്കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വെളളം ചേര്‍ത്തിരുന്നില്ലെന്നും ആര്യാടനൊപ്പമുളള സംഘടന കാലത്തെ സ്മരിച്ചുകൊണ്ട് എകെ ആന്റണി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ എക്കാലവും എ കെ ആന്റണിയ്‌ക്കൊപ്പം നിന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പാര്‍ട്ടിവിട്ട് ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്നപ്പോഴും ആന്റണിക്കൊപ്പമുണ്ടായിരുന്നു ആര്യാടന്‍ മുഹമ്മദ്. അക്കാലത്താണ് ആര്യാടന്‍ ഇ കെ നായനാര്‍ മന്ത്രി സഭയില്‍ മന്ത്രിയാവുന്നതും.

1980ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചാണ് ആര്യാടന്‍ നിയമസഭയിലെത്തുന്നത്. എന്നാല്‍ 1981ൽ നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ആന്‍റണി കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ മന്ത്രിസ്ഥാനം പോലും രാജിവച്ച് ആര്യാടനും പാര്‍ട്ടിയിലേക്ക് മടങ്ങി. 1995 ലെ ആന്റണി സര്‍ക്കാരില്‍ തൊഴില്‍ - ടൂറിസം വകുപ്പുകളുടെ ചുമതലയും ആര്യാടനായിരുന്നു.

ഭൂരിപക്ഷ വർ​ഗീയതയും ന്യൂനപക്ഷ വർ​ഗീയതയും ഒരു പോലെ എതിർത്ത നേതാവാണ് ആര്യാടന്‍ മുഹമ്മദ് എന്ന് എ കെ ആന്റണി അനുസ്മരിക്കുന്നു. അക്കാര്യത്തിൽ അദ്ദേഹം ഒരിക്കലും വെളളം ചേർത്തിരുന്നില്ല''. - ആന്റണി പറയുന്നു.

തന്റെ കെഎസ് യു പ്രവര്‍ത്തന കാലം മുതല്‍ ആര്യാടനുമായി അടുപ്പം ഉണ്ടായിരുന്നു എന്നും അനുശോചന സന്ദേശത്തില്‍ എ കെ ആന്റണി ഓര്‍ക്കുന്നു. കെഎസ്‌യു നേതാവായി കോഴിക്കോട് എത്തുമ്പോള്‍ ആര്യാടൻ കോഴിക്കോട് ഡിസിസി സെക്രട്ടറിയായിരുന്നു. അന്ന് മുതലുളള ബന്ധമാണ് അദ്ദേഹവുമായുള്ളത്. കോഴിക്കോടും മലപ്പുറവും കേന്ദ്രമായി പ്രവർത്തിച്ച അദ്ദേഹം എക്കാലവും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു. നിലപാടുകൾ തുറന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഭാവിയോ തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളോ പ്രശ്നമായിരുന്നില്ലെന്നും എ കെ ആന്റണി വ്യക്തമാക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ എക്കാലവും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. സഹപ്രവർത്തകരോടും സമൂഹത്തിലും ഒരുപോലെ പ്രവർത്തിച്ച വ്യക്തിയാണ് ആര്യാടനെന്നും എകെ ആന്റണി ചൂണ്ടിക്കാട്ടി. മതേതര കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്യാടന്റെ സാന്നിധ്യം ആവശ്യമായിരുന്നു. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാടിയ അപൂര്‍വം നേതാക്കളിലൊരാളാണ് ആര്യാടന്‍ മുഹമ്മദെന്നും ആന്റണി അനുസ്മരിച്ചു.

logo
The Fourth
www.thefourthnews.in