പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി; നിയമസഭയില്‍ ബഹളം, ഇന്ന് ചേർന്നത് 9 മിനിറ്റ് മാത്രം

പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി; നിയമസഭയില്‍ ബഹളം, ഇന്ന് ചേർന്നത് 9 മിനിറ്റ് മാത്രം

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം പ്രതിഷേധ പരിപാടികള്‍ തുടരും
Updated on
1 min read

എംഎല്‍എമാർക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത സംഭവം പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചു. വാദി പ്രതിയായ സാഹചര്യമാണുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ, സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി ചോദ്യോത്തര വേളയിലേക്ക് കടന്നു.

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ തടസ്സപ്പെടുത്താൻ മന്ത്രി വി ശിവൻകുട്ടി ശ്രമിച്ചു. പണ്ട് കേസെടുത്തത് ശിവൻകുട്ടിക്ക് ഓർമ്മയുണ്ടല്ലോയെന്ന് പ്രതിപക്ഷ നേതാവ് വി ശിവൻകുട്ടിയോട് ചോദിച്ചു.നിങ്ങൾക്കെതിരെയുള്ളത് വനിതാ വാർഡനെ ഉപദ്രവിച്ച കേസാണ്, ഞങ്ങളുടെത് അങ്ങനെയല്ലെന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

പ്രതിഷേധം കണക്കാക്കാതെ സ്പീക്കർ ചോദ്യോത്തര വേള തുടരാൻ ശ്രമിച്ചതോടെ പ്രതിപക്ഷ എം എൽ എമാർ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി. സഭ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ നടപടികൾ വെട്ടിച്ചുരുക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി; നിയമസഭയില്‍ ബഹളം, ഇന്ന് ചേർന്നത് 9 മിനിറ്റ് മാത്രം
പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ്; നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും

തുടര്‍ച്ചയായി, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം പ്രതിഷേധ പരിപാടികള്‍ തുടരും. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

അവകാശം സ്ഥാപിച്ച് കിട്ടും വരെ വിട്ടുവീഴ്ച്ചയില്ലാതെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷത്തിന് മാത്രമല്ല ഗുണം. അടിയന്തര പ്രമേയ നോട്ടീസിനുള്ള അവകാശം പണയപ്പെടുത്തില്ല. അങ്ങനെ ചെയ്താൽ പൂച്ചകളെ പോലെ പതുങ്ങി നിൽക്കുന്ന പ്രതിപക്ഷമെന്ന് വിചാരണ ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വാച്ച് ആൻഡ് വാർഡുമാരുടെ പരുക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിക്കണമെന്ന് പ്രതിപക്ഷം

തുടർച്ചയായി അവകാശ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരപരിപാടികൾ സഭയുടെ പുറത്തേക്ക് വ്യാപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഒരു അതിക്രമവും ഉണ്ടായിട്ടില്ല. കെ കെ രമ നൽകിയ പരാതിയിൽ ഇത് വരെ കേസേടുക്കാൻ പോലും പോലീസ് തയാറായിട്ടില്ല.

പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും എം എൽ എമാർക്കെതിരെ എഫ് ഐ ആർ ഇട്ടതിന് ശേഷമാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. എംഎൽഎ മാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണ ജനങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. വാച്ച് ആൻഡ് വാർഡുമാരുടെ പരുക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിക്കണമെന്ന ആവശ്യവും പ്രതിപക്ഷം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. അതേസമയംം തിങ്കളാഴ്ചത്തെ കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല.

അതേസമയം, പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ചെന്ന പ്രതിപക്ഷ ആരോപണം ഭരണകക്ഷി എംഎല്‍എമാരായ എച്ച് സലാമും കെ എം സച്ചിൻ ദേവും തള്ളി. പച്ചക്കള്ളമാണ് പറയുന്നതെന്ന് ഇരുവരും ആരോപിച്ചു.

logo
The Fourth
www.thefourthnews.in