സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സൈബര്‍ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതി അരുൺ വിദ്യാധരനെതിരെ കോട്ടയം പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാല് ദിവസമായി പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
ഏപ്രിൽ 30ന് രാവിലെയാണ് കോന്നല്ലൂര്‍ സ്വദേശിയായ ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പോലീസ് ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ആതിരയുടെ പരാതിയിൽ വൈക്കം എഎസ്പി തന്നെ നേരിട്ട് ഇടപെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് നേരിട്ട് ആതിരയെ വിളിച്ച് സംസാരിച്ചിരുന്നു.
ആതിരയ്ക്ക് വിവാഹ ആലോചനകൾ നടന്നുകൊണ്ടിരിക്കെ അരുണ്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു. യുവതിയുടെ ചിത്രങ്ങളും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഉള്‍പ്പെടെ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. കോട്ടയം ഞീഴൂര്‍ സ്വദേശിയാണ് പ്രതി അരുൺ.