സ്വപ്നങ്ങള്‍ പൂർത്തിയാക്കാതെ മടക്കം; അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

സ്വപ്നങ്ങള്‍ പൂർത്തിയാക്കാതെ മടക്കം; അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം
Updated on
1 min read

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനാണ്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യവാചകം കേള്‍ക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അത്രമാത്രം മലയാളികള്‍ക്കിടയില്‍ അറ്റ്‌ലസ് ജ്വല്ലറിയും ആ പരസ്യവാചകവും നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ നല്ല നിലയില്‍ മുന്നോട്ട് പോകുകയായിരുന്ന സാഥാപനത്തിന് പിന്നീട് കോടികളുടെ കടബാധ്യത ഉണ്ടാകുകയും സ്ഥാപനം തകരുകയുമായിരുന്നു.

2015 ല്‍ അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായ് ജയിലിലായ അദ്ദേഹം 2018 ലാണ് പുറത്തിറങ്ങിയത്.

1947 ല്‍ കുവൈത്തില്‍ എത്തിയ രാമചന്ദ്രന്‍ 1981 ഡിസംബറിലാണ് അറ്റ്‌ലസ് ജ്വല്ലറിക്ക് തുടക്കമിടുന്നത്. അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.

2015 ല്‍ അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായ് ജയിലിലായ അദ്ദേഹം 2018 ലാണ് പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും സജീവ ഇടപ്പെടലുകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.ജയില്‍ മോചിതനായതിന് ശേഷം അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നത്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമികള്‍ നിര്‍മിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയിലും സജീവമായിരുന്ന അദ്ദേഹം ഇന്നലെ, കൗരവര്‍, വെങ്കലും എന്നീ ചിത്രങ്ങള്‍ വിതരണക്കാരനുമായിരുന്നു. പൊതു സംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവമായിരുന്ന രാമചന്ദ്രന്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യത്തെ ചെയര്‍മാനായിരുന്നു.

ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായിട്ടായിരുന്നു രാമചന്ദ്രന്റെ ജനനം. ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍ എന്നിവരാണ്. അദ്ദേഹത്തിന്‍റെ ശവ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും. ഇന്ത്യയിലേക്ക് മടങ്ങണം, വ്യവസായങ്ങള്‍ വീണ്ടും സജീവമാക്കണം എന്നിങ്ങനെയുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ വിടപറയുന്നത്.

logo
The Fourth
www.thefourthnews.in