സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആർഎസ്എസ് എന്ന് സിപിഎം

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആർഎസ്എസ് എന്ന് സിപിഎം

ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു
Updated on
2 min read

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. മൂന്ന് ബൈക്കുകളില്‍ എത്തിയവരാണ് മേട്ടുക്കടയിലെ ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ഓഫീസിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് കേടുപാടുകളുണ്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. ആക്രമണത്തിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

എല്‍ഡിഎഫിന്റെ വികസന ജാഥയ്ക്കിടെ ഇന്നലെ വഞ്ചിയൂരിലുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം. എന്നാല്‍, ആരോപണം ബിജെപി നിഷേധിച്ചു. എകെജി സെന്റർ ആക്രമിച്ചവരാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു. പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. സംഘത്തില്‍ ആറ് പേരുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. ജില്ലാ കമ്മിറ്റി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സംഭവം അന്വേഷിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു

ആക്രമണം നടന്ന ജില്ലാകമ്മിറ്റി ഓഫീസ് സന്ദർശിച്ചതിന് ശേഷമാണ് പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചത്. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ വശംവദരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണം ആസൂത്രിതമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി സമാധാനം തകർക്കുന്നുവെന്ന് ആരോപിച്ച ഇ പി ജയരാജൻ, പ്രകോപനപരമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്നും പ്രതികരിച്ചു. ബോധപൂർവം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും തുടർഭരണം ദഹിക്കാത്ത ആളുകളാണ് അക്രമത്തിന് പിന്നിലെന്നും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.

കോർപറേഷന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ വികസന ജാഥ വഞ്ചിയൂരില്‍ നടക്കുന്നതിനിടെ സിപിഎം കൗണ്‍സിലറായ ഗായത്രി ബാബുവിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. അതേസമയം വഞ്ചിയൂരുള്ള എബിവിപി സംസ്ഥാനകാര്യാലയം എസ്എഫ്ഐ ആക്രമിച്ചെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രണം.

എകെജി സെന്റർ ആക്രമണത്തിന് രണ്ട് മാസം തികയുമ്പോഴാണ് വീണ്ടും സിപിഎം ഓഫീസിന് നേരെ ആക്രമണം. എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായില്ല. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.

logo
The Fourth
www.thefourthnews.in